കന്നിയങ്കത്തില്‍ കെ എം മാണിയെ വിറപ്പിച്ച എതിരാളി

കോട്ടയം: 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എം എം ജേക്കബ് പാലായില്‍ കെ എം മാണിയോട് മല്‍സരിക്കുന്നത്. എം എം ജേക്കബിന്റെ കന്നിയങ്കമായിരുന്നു അത്. 374 വോട്ടുകള്‍ക്കാണ് അവസാനംവരെ മാണിയോട് പൊരുതി ജേക്കബ് അടിയറവ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നെന്നുകാട്ടി കേസുകൊടുത്തതാണ്. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ശക്തനായ എതിരാളിയാണ് ജേക്കബെന്ന് പലരും പറഞ്ഞു. എന്നാല്‍, സ്വയം പുകഴ്ത്താന്‍ ഒരിക്കലും ശ്രമിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ അദ്ദേഹത്തെ ഉയര്‍ത്തി.
രാമപുരത്തുനിന്ന് തിരുവനന്തപുരം, കൊച്ചി, ലഖ്‌നോ എന്നിവിടങ്ങളിലൂടെ ഡല്‍ഹിയിലെത്തിയ മുണ്ടയ്ക്കല്‍ മാത്യു ജേക്കബിന്റെ ജീവിതം കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. 1980ലും പാലായില്‍ മാണിക്കെതിരേ മല്‍സരരംഗത്തിറങ്ങിയെങ്കിലും 4,566 വോട്ടിന് പരാജയപ്പെടുകയാണുണ്ടായത്. രണ്ടുതവണ പരാജയത്തിന്റെ രുചിയറിഞ്ഞതുകൊണ്ടാവാം പ്രാദേശിക രാഷ്ട്രീയം ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വിശ്വസിച്ചുപോന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെയും കെ എം മാണിയുടെയും കടുത്ത വിമര്‍ശകനായിരുന്നു. കോണ്‍ഗ്രസ് യോഗങ്ങളിലെല്ലാം കെ എം മാണിക്കെതിരേ ശക്തമായ നിലപാടാണ് എം എം ജേക്കബ് സ്വീകരിച്ചിരുന്നത്. മരണം വരെയും ആ നിലപാട് പിന്തുടരുകയും ചെയ്തു.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരക്കൊപ്പം അടിയുറച്ചുനിന്ന ജേക്കബ് കെ കരുണാകരനൊപ്പം കേരളത്തില്‍ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു. എപ്പോഴും മറ്റു രാഷ്ട്രീയക്കാരില്‍ നിന്നു വ്യത്യസ്തനായിരുന്നു അദ്ദേഹം.
തന്റെ പ്രതിഷേധങ്ങളും വീറും ജനങ്ങളോടുള്ള അളവറ്റ സ്‌നേഹവും അദ്ദേഹം എപ്പോഴും തുറന്നുകാണിച്ചുകൊണ്ടിരുന്നു. മേഘാലയ ഗവര്‍ണറായിരിക്കെ ഗവര്‍ണര്‍മാരുടെ പതിവു രീതികളില്‍നിന്നു വ്യത്യസ്തമായി അദ്ദേഹം ജനകീയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുന്നില്‍നിന്നു. നാട്ടുകാര്‍ക്കുവേണ്ടി രാജ്ഭവന്റെ വാതില്‍ അദ്ദേഹം തുറന്നിട്ടു. ഗവര്‍ണര്‍ ചാന്‍സലറായ നോര്‍ത്ത് ഈസ്റ്റ്ഹില്‍ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ഥികളും മിക്കപ്പോഴും അദ്ദേഹത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. മറ്റൊരു സംസ്ഥാനത്തെയും ഗവര്‍ണര്‍ക്ക് ലഭിക്കാത്തയത്ര സ്‌നേഹവും ആദരവും ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കി. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിച്ചും എല്ലാ ആഴ്ചയും മുഖ്യമന്ത്രിക്കു കത്തെഴുതുന്ന ശീലം ജേക്കബിനുണ്ടായിരുന്നു.

RELATED STORIES

Share it
Top