കന്നഡ യുദ്ധം: യെദ്യൂരപ്പ അധികാരമേറ്റു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ് സഖ്യം

പി  സി  അബ്ദുല്ല

ബംഗളൂരു: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ കര്‍ണാടകയില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
ക്ഷേത്രദര്‍ശനത്തിനുശേഷം ചടങ്ങിനെത്തിയ യെദ്യൂരപ്പ, കര്‍ഷകരോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ പച്ച ഷാളണിഞ്ഞ്, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അനിശ്ചിതത്വം പൂര്‍ണമായും മാറാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടായിരത്തോളം പേര്‍ രാജ്ഭവന് പുറത്ത് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ആഘോഷിക്കാനെത്തിയിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും രാജ്ഭവനിലെത്തി. ഇത് മൂന്നാംതവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവനില്‍ കോണ്‍ഗ്രസും ജെഡിഎസും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ച് കനത്ത സംരക്ഷണവലയം ഒരുക്കി. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരും നേതാക്കളും ധര്‍ണ നടത്തി. ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളും റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരും പ്രതിഷേധത്തിനായി വിധാന്‍ സൗധയ്ക്കു മുന്നിലെത്തി. ഇവര്‍ക്കു പിന്നാലെ ജെഡിഎസ് നേതാക്കളായ എച്ച് ഡി ദേവഗൗഡയും കുമാരസ്വാമിയും ജെഡിഎസ് എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിക്കെതിരായ പ്രതിഷേധം രാജ്ഭവന് മുന്നിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലേക്ക് മാറ്റുകയായിരുന്നു.  സുപ്രിംകോടതിയില്‍ ഇന്ന് തങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് പ്രതീക്ഷ. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കു നല്‍കിയിട്ടുള്ളത്. 104 സീറ്റാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
75കാരനായ ബൊക്കണക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായാണ് ഇന്നലെ അധികാരമേറ്റത്. 2007 നവംബറില്‍ ഏഴു ദിവസവും 2008 മെയ് മുതല്‍ 2011 ജൂലൈ വരെയും യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചു.

RELATED STORIES

Share it
Top