കന്നഡപോര്: തീരുമാനം കാത്ത് രാജ്യം

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദ്യൂരപ്പയുടെ ഭാവി ഇന്നറിയാം. യെദ്യുരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലെ ഉളളടക്കം ബിജെപി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കും. കത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പിന്തുണ നല്‍കിയ എംഎല്‍എമാരുടെ പേരും ഒപ്പും അടക്കമുള്ള കാര്യങ്ങളുണ്ടോയെന്നാണ് അറിയേണ്ടത്.കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസും ജെഡിഎസും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ആള്‍ബലമില്ലാതെ യെദ്യൂരപ്പ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ബുധനാഴ്ച അര്‍ധരാത്രിയില്‍ വാദം കേട്ടത്.ബിജെപിക്ക് സ്വതന്ത്രന്‍ ഉള്‍പ്പെടെ 105 എംഎല്‍എമാരുടെ പിന്തുണയേയുള്ളൂ. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 സീറ്റുണ്ടെന്നും അവകാശപ്പെടുന്നു. ഈ അവസ്ഥയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഭൂരിപക്ഷം തെളിയിക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിയുടെ ചോദ്യത്തിന് മുമ്പില്‍ പരുങ്ങിയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, ഗവര്‍ണറും യെദ്യൂരപ്പയും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും എന്താണ് അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറിയ കത്തിലുള്ളതെന്ന് വ്യക്തമല്ലെന്നും പറഞ്ഞ് തടിയൂരി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതു മാത്രമാണ് ഗവര്‍ണറുടെ തീരുമാനം ശരിയാണോ എന്നു തെളിയിക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ യെദ്യൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. കത്തിലെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതുകൊണ്ട് സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യുന്നില്ലെങ്കിലും യെദ്യൂരപ്പയുടെ അധികാരം ഏറ്റെടുക്കല്‍ കോടതിയുടെ തുടര്‍ന്നുള്ള ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്നാണ് കേസ് ഇന്നത്തേക്കു മാറ്റിവച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്.

RELATED STORIES

Share it
Top