കനാല്‍ നവീകരണ പദ്ധതി: സമ്മര്‍ സ്‌കൂള്‍ പഠനത്തിന് മെയ് ആദ്യം തുടക്കം

ആലപ്പുഴ: വര്‍ഷങ്ങളായി ആലപ്പുഴയുടെ ആവശ്യമായിരുന്ന കനാല്‍ നവീകരണത്തിന് സാധ്യത തെളിയുന്നു. ശാസ്ത്രീയ പിന്‍ബലത്തോടെ നടത്തുന്ന സമ്മര്‍ സ്‌കൂള്‍ പദ്ധതിയിലൂടെയാണ് കനാലുകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍  തയ്യാറെടുക്കുന്നത്. മെയ് ആദ്യവാരമാണ് പദ്ധതി ആരംഭിക്കുന്നത്.
ഐഐടിയുടെയും കിലയുടേയും നേതൃത്വത്തിലാണ് കനാല്‍ നവീകരണ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വൈഎംസിയുടേയും മാര്‍ത്തോമാ  പള്ളിയും ഓരത്തുകൂടി ഒഴുകുന്ന മുനിസിപ്പല്‍ കോളനി കനാലിന്റെ നവീകരണത്തിലൂടെയാണ് പദ്ധതി ആദ്യം തുടങ്ങുക. കനാലുകളേയും അവയെ ചുറ്റിപ്പറ്റിയുള്ള ജനജീവിതത്തേയും പഠിച്ച് കനാലുകളുടെ പുനരുദ്ധാരണവും തുടര്‍ന്നുള്ള സംരക്ഷണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ ആലപ്പുഴയിലെ കനാലുകളെ വൃത്തിയുള്ളതാക്കി പുനരുജ്ജീവിപ്പിക്കുമെന്ന്  ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
വ്യക്തമായ ശാസ്ത്രിയ അടിത്തറയുള്ള സര്‍വേ നടത്തുകയും കനാലുകളുടെ നവീകരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയുമാണ് സമ്മര്‍ സ്‌കൂളിന്റെ ലക്ഷ്യം. കുസാറ്റിന്റെ കീഴിലുള്ള പുളിങ്കുന്ന് എന്‍ജിനീയറിങ് കോളേജിന്റെ സഹകരണത്തോടെ സിവില്‍ എന്ജിനീയറിങ് കോളേജിന്റേയും അസംപ്ഷന്‍ കോളേജിലേയും വിദ്യാര്‍ഥികള്‍ പദ്ധതിയുമായി സഹകരിക്കും.സി.ഡി.ഡി സൊസൈറ്റിയും ഇന്‍സ്പിരറേന്‍ സൊസൈറ്റിയും നടത്തിയ പഠനമടിസ്ഥാനമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. അവരുടെ കണ്ടെത്തലുകള്‍ പ്രകാരം കനാല്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്ത് സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തും.
കൂടാതെ മുനിസിപ്പല്‍ കോളനിക്കായി ജലം ശുദ്ധീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കും.പരീക്ഷണ അടിസ്ഥാനത്തില്‍ ചെറു തോടുകളെ വൃത്തിയാക്കുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ കോളനി പ്രദേശത്ത് എട്ടോളം സ്്ക്രീനുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ആ പ്രദേശത്തെ കുട്ടികള്‍ക്കായിരിക്കും.
വാര്‍ഡ് അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഹരിത കര്‍മസേനയുടെ സേവനം വിനിയോഗിച്ചുകൊണ്ട് ഓരോ കനാല്‍ക്കര സംഘവും പ്രവര്‍ത്തിക്കും. മെയ് അവസാനം ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന നവീകരണ പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രീയ-സമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top