കനാല്‍പാലങ്ങള്‍ പുതുക്കി പണിയുന്നതിന് നടപടി

കൊടകര: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മറ്റത്തൂരിലെ രണ്ട് കനാല്‍പാലങ്ങള്‍ പുതുക്കിപണിയുന്നതിന് നടപടിയായി. മറ്റത്തൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലുള്ള മോനൊടി മാരാന്‍പാലവും മോനൊടി കിഴക്കേ കനാല്‍ പാലവുമാണ് മുപ്പതുലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മിക്കാനൊരുങ്ങുന്നത്.
മലയോരത്തെ മാങ്കുറ്റിപ്പാടം, കടമ്പോട്, മോനൊടി പ്രദേശങ്ങളെ വെള്ളിക്കുളങ്ങര, കോടാലി ജംഗ്ഷനുകളുമായി ബന്ധിപ്പിക്കുന്ന കോടാലിമോനൊടി റോഡിലാണ് ഈ പാലങ്ങളുള്ളത്. 1963ല്‍ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ നിര്‍മിച്ച കാലത്ത് പണികഴിപ്പിക്കപ്പെട്ട ഈ പാലങ്ങള്‍ കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായിട്ട് കാലമേറെയായി. പാലത്തിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ് സ്ലാബുകളില്‍ നിന്ന് സിമന്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തായി നില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പാലങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍ പെട്ട മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്ന് മുപ്പതുലക്ഷം രൂപ അനുവദിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം സുഭാഷിണി സന്തോഷ് പറഞ്ഞു. പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു. ഈ പാലങ്ങള്‍ വീതി കൂട്ടി പുതുക്കിപണിയുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകും.

RELATED STORIES

Share it
Top