കനാലിന്റെ ചോര്‍ച്ച അടച്ചപ്പോള്‍ ഡാമിനു ചോര്‍ച്ച

പേരാമ്പ്ര: ചോര്‍ച്ച കാരണം മൂന്നു ദിവസം മുമ്പ് അടച്ചിട്ട പെരുവണ്ണാമൂഴിയിലെ കുറ്റിയാടി ജലസേചന പദ്ധതി പ്രധാന കനാല്‍ പൂര്‍ണമായി തുറന്നു ജലമൊഴുക്കി. അണക്കെട്ടിനു തൊട്ടു താഴെ പ്രധാന കനാലിന്റെ വലതുഭാഗത്ത് ഭിത്തിക്കടിയിലാണു ചോര്‍ച്ചയുണ്ടായത്. വന്‍ തോതില്‍ വെള്ളം ഭൂമിക്കടിയിലൂടെ പുഴയിലേക്കു പ്രവഹിക്കുകയായിരുന്നു. ഡാമിന്റെ സ്പില്‍വേയുടെ അറ്റകുറ്റപ്പണികള്‍ നടത്താനൊരുങ്ങവെയാണു കനാല്‍ ഭാഗത്തു ചോര്‍ച്ചയുണ്ടായത്.
സ്പില്‍വേയുടെ അടിയില്‍ റിസര്‍വോയറില്‍ നിന്നു വെള്ളം വന്നു പതിക്കുന്ന ഭാഗം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും ഒപ്പമുണ്ട്. ചുറ്റുമുള്ള വെള്ളം മോട്ടോര്‍വെച്ചു വറ്റിച്ചാല്‍ മാത്രമേ പണി ആരംഭിക്കാനാവുകയുള്ളു. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെയാണു കനാലില്‍ ചോര്‍ച്ചയുണ്ടായത്. ഈ വെള്ളമെത്തുന്നതും സ്പില്‍വേയുടെ അടിഭാഗം തടാകത്തിലേക്കാണ്. ജലസേചന വകുപ്പധികൃതര്‍ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ജില്ലാ ഭരണകൂടത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രധാന കനാല്‍ അടച്ചു  തകരാര്‍ പരിഹരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. പുറത്തു നിന്നു സ്വകാര്യ മേസ്തിരിമാരെ വിളിച്ചു വരുത്തി വിള്ളല്‍ കാണപ്പെട്ട  കനാല്‍ ഭാഗങ്ങള്‍ സിമന്റ് തേച്ച് ശനിയാഴ്ച അടച്ചിരുന്നു. അതിന് ശേഷം ഞായറാഴ്ച വൈകീട്ടോടെ ഭാഗികമായി ജലം തുറന്നു വിട്ടു.
അതേ സമയം ഡാമില്‍ നിന്നു ഭൂമിക്കടിയിലൂടെയുള്ള ജലച്ചോര്‍ച്ച അതി രൂക്ഷമായിരിക്കുകയാണ്. ഈ ജലം എത്തിച്ചേരുന്നതും ഡാം സ്പില്‍വേക്കടിയിലേക്കാണ്. ഇവിടെ നടത്തേണ്ട അറ്റകുറ്റപ്പണിക്കായി  ഈ ജലം പ്രത്യേക പാത്തിയുണ്ടാക്കി പുറത്തേക്കൊഴുക്കുന്ന സംവിധാനത്തിന്റെ നിര്‍മാണവും ഇന്നലെയാണു പൂര്‍ത്തിയായത്. കടുത്ത ഭീഷണി ഉയര്‍ത്തി ഡാമിന്റെ അടിയിലൂടെയുള്ള ഗുരുതര ജല ചോര്‍ച്ച തടയാന്‍ നടപടി സ്വീകരിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top