കനബാല്‍ സൈനിക ക്യാംപിലെ കണ്ണീര്‍ച്ചാലുകള്‍

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 6


കെ എ സലിം

താഴ്‌വരയിലെ 6000 യുവാക്കള്‍ എങ്ങനെയാണ് മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയതെന്ന ചോദ്യത്തിനുള്ള ഉത്തരം അനന്ത്‌നാഗ് അവന്തിപൊരയിലെ കനബാല്‍ സൈനിക കേന്ദ്രത്തില്‍ നിന്നാണു ലഭിക്കുക. കനബാല്‍ മാത്രമായിരുന്നില്ല യുവാക്കളെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്ന സൈനിക ക്യാംപ്. ഗുപ്കര്‍ റോഡിലെ പീഡനകേന്ദ്രമായിരുന്ന പാപാ ടു പോലെ നിരപരാധികളായ കശ്മീരികളുടെ ചോരയും കണ്ണീരുംകൊണ്ടാണ് കനബാല്‍ പടുത്തുയര്‍ത്തിയത്. കശ്മീരില്‍ ഏറ്റവും ക്രൂരത കാട്ടിയ രാഷ്ട്രീയ റൈഫിള്‍സിന്റെ മേഖലാ ആസ്ഥാനത്തിനു പുറമേ സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയുടെ പ്രധാന താവളവും കൂടിയായിരുന്നു കനബാല്‍.

[caption id="attachment_429033" align="alignnone" width="560"] ഇഖ്‌വാന്‍ നേതാവ് കുക പരി സംഘാങ്ങള്‍ക്കൊപ്പം[/caption]

കശ്മീരികളെ കൊല്ലാനും ബലാല്‍സംഗം ചെയ്യാനും തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ പ്രച്ഛന്നവേഷമിട്ട ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍, മുസ്‌ലിം മുജാഹിദീന്‍ പോലുള്ള ക്രിമിനല്‍സംഘങ്ങള്‍ക്ക് എങ്ങനെയാണ് സൈന്യം കനബാല്‍ ക്യാംപിലെ ഊട്ടുപുരയില്‍ രൂപംകൊടുത്തിരുന്നതെന്നതിന് നിരവധി സാക്ഷിമൊഴികളുണ്ട്. താഴ്‌വരയില്‍ നിന്ന് യുവാക്കളെ പിടികൂടി ഇഖ്‌വാനികള്‍ കനബാല്‍ ക്യാംപിലേക്ക് എത്തിച്ചിരുന്നെന്ന് മുന്‍ എംഎല്‍എയും പീപ്പിള്‍സ് ലീഗ് നേതാവ് ഷബീര്‍ അഹ്മദ് ഷായുടെ സഹോദരനുമായ മുഹമ്മദ് സയ്യിദ് ഷാ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ഭൂരിഭാഗം പേരും പിന്നെ തിരിച്ചെത്തിയില്ല.

അനന്ത്‌നാഗില്‍ നിന്നായിരുന്നു ഇഖ്‌വാനികളുടെയും മുസ്‌ലിം മുജാഹിദീന്റെയും തുടക്കം. ഇഖ്‌വാന്‍ കശ്മീരിലെ എല്ലാ ഭാഗത്തുമുണ്ടായിരുന്നെങ്കില്‍ മുസ്്‌ലിം മുജാഹിദീന് പത്താന്‍ മേഖലയില്‍ മാത്രമായിരുന്നു ശക്തി. ഹിലാല്‍ബേഗും സജ്ജാദ് കാനുവും നേതൃത്വം കൊടുത്ത സ്റ്റുഡന്റ്‌സ് ലിബറേഷന്‍ ഫ്രണ്ടാണ് പിന്നീട് ഇഖ്‌വാനായി മാറിയത്. ആദ്യകാലത്ത് ജെകെഎല്‍എഫിന്റെ വിദ്യാര്‍ഥിസംഘടനയെന്ന നിലയ്ക്കായിരുന്നു സ്റ്റുഡന്റ്‌സ് ലിബറേഷന്‍ ഫ്രണ്ട് അറിയപ്പെട്ടിരുന്നത്. പിന്നീട് നേതാക്കള്‍ ജെകെഎല്‍എഫില്‍ നിന്ന് അകന്ന് ഇഖ്‌വാനുല്‍ മുസ്്‌ലിമീന്‍ എന്നു പേരുമാറ്റി.

കശ്മീരിലെ നാടന്‍പാട്ടുകാരനായിരുന്ന കുക പരിയെന്ന മുഹമ്മദ് യൂസുഫ് പരിയായിരുന്നു ഇഖ്‌വാന്റെ സ്ഥാപകരില്‍ ഏറ്റവും കുപ്രസിദ്ധന്‍. 1991ല്‍ കശ്മീരിലെ പ്രമുഖ നേതാവും പിന്നീട് കേന്ദ്രമന്ത്രിയുമായ സൈഫുദ്ദീന്‍ സോസിന്റെ മകള്‍ നഹീദാ ഇംതിയാസിനെ തട്ടിക്കൊണ്ടുപോയത് ഇഖ്‌വാനികളാണ്. അതേ വര്‍ഷം തന്നെ ഒഎന്‍ജിസി ചെയര്‍പേഴ്‌സണ്‍ കെ ദൊരൈസ്വാമിയെയും 1990ല്‍ കശ്മീര്‍ സര്‍വകലാശാല വിസി മുഷീറുല്‍ ഹഖിനെയും അവര്‍ തട്ടിക്കൊണ്ടുപോയി. 1993ലെ ബോംബെ സ്‌ഫോടനപരമ്പരയ്ക്ക് സ്‌ഫോടകവസ്തുക്കള്‍ നല്‍കിയതും ഇഖ്‌വാനികളായിരുന്നു. ഓള്‍ പാര്‍ട്ടി ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായ ഇത്തിഹാദുല്‍ മുസ്്‌ലിമൂന്‍ നേതാവ് മൗലാന അബ്ബാസ് അന്‍സാരിയായിരുന്നു ഇഖ്‌വാന്‍ നേതാവ് ഹിലാല്‍ ബേഗിന്റെ രക്ഷാധികാരി. 1993ല്‍ സജ്ജാദ് കാനു ഒരു കേസില്‍ അറസ്റ്റിലായതോടെ ജാന്‍ മുഹമ്മദ് ഖാന്‍ ഇഖ്‌വാന്റെ ദക്ഷിണ കശ്മീരിലെ കമാന്‍ഡറായി. ഷബീര്‍ ബദൂരി, ജാവേദ് അഹ്മദ് റാത്തര്‍ എന്നിവരായിരുന്നു ബറ്റാലിയന്‍ കമാന്‍ഡര്‍മാര്‍. എല്ലാവരും പല കേസുകളില്‍ അറസ്റ്റിലായി.

അനന്ത്‌നാഗില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ശക്തിപ്രാപിച്ചതോടെ ഇഖ്‌വാനികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നു. നേതാക്കളില്‍ പലരും പലയിടങ്ങളിലേക്കു പലായനം ചെയ്തു. അക്കാലത്ത് ശ്രീനഗറിലേക്ക് പലായനം ചെയ്ത ലിയാഖത്ത് അലിഖാന്‍, അബ്ദുല്‍ റഷീദ് വാനി എന്നിവര്‍ ചേര്‍ന്നാണ് ഇഖ്‌വാനെ വീണ്ടും ഒറ്റസംഘമാക്കി മാറ്റുന്നത്. തുടര്‍ന്ന് ഇഖ്‌വാനുല്‍ മുസ്‌ലിമീനെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നു പേരു മാറ്റുകയും സൈന്യത്തിന്റെ നിര്‍ദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന സംഘമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ഷബീര്‍ ബദൂരി ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നു.

വൈകാതെ കൊല്ലപ്പെട്ടു. ഇഖ്‌വാന്‍ രൂപപ്പെട്ടത് ജെകെഎല്‍എഫില്‍ നിന്നാണെങ്കില്‍ സ്വതന്ത്ര കശ്മീരിനു വേണ്ടി വാദിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനില്‍ നിന്നു പിരിഞ്ഞാണ് മുസ്‌ലിം മുജാഹിദീന്‍ ഉണ്ടാവുന്നത്. ഹിസ്ബിന്റെ ആദ്യ കമാന്‍ഡറായിരുന്ന അഹ്്‌സാന്‍ ദറാണ് പാകിസ്താനില്‍ വച്ച് മുസ്്‌ലിം മുജാഹിദീന് രൂപം നല്‍കുന്നത്. സയ്യിദ് സലാഹുദ്ദീനെ ഹിസ്ബുല്‍ മുജാഹിദീന്റെ സുപ്രിംകമാന്‍ഡറായി കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചതായിരുന്നു തുടക്കം. ജമാഅത്തെ ഇസ്്‌ലാമിയുടെ പ്രഖ്യാപിത സൈനികവിഭാഗമായിരുന്നു ഹിസ്ബുല്‍ മുജാഹിദീന്‍. ഹുര്‍രിയത്തിന്റെ അബ്ദുല്‍ ഗനി ഭട്ടായിരുന്നു മുസ്‌ലിം മുജാഹിദീന്റെ രക്ഷിതാവ്. 350 പേരായിരുന്നു തുടക്കത്തില്‍ ഇതിലുണ്ടായിരുന്നത്.

പാകിസ്താനില്‍ നിന്നു തിരിച്ചെത്തിയ അഹ്്‌സാന്‍ ദറിനെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മന്ത്രിയുമായ മുഷ്താഖ് ലോണിന്റെ സഹോദരന്‍ ഗുലാം മുഹിയുദ്ദീന്‍ ലോണിന്റെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് മുസ്്‌ലിം മുജാഹിദീന്‍ സൈന്യത്തിനു വേണ്ടി ജോലി ചെയ്തു തുടങ്ങുന്നത്. ഗുലാംനബി ആസാദെന്ന നബ ആസാദായിരുന്നു അനന്ത്‌നാഗിലെ കമാന്‍ഡര്‍. ബാരാമുല്ല പോലിസ് സ്‌റ്റേഷനില്‍ പോലിസ് ഓഫിസര്‍ കെ പി എസ് ഗില്ലിനു മുന്നില്‍ കീഴടങ്ങല്‍ ചടങ്ങോടെയായിരുന്നു തുടക്കം. ചടങ്ങു കഴിഞ്ഞയുടനെ ആയുധങ്ങള്‍ തിരികെ നല്‍കി. തുടര്‍ന്നങ്ങോട്ട് കനബാല്‍ ക്യാംപില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനായിരുന്നു ഉത്തരവ്. കൂട്ടക്കൊലകള്‍ക്കു മാത്രമല്ല, ഹുര്‍രിയത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്ന കാലത്ത് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ചിലരെ ഭീഷണിപ്പെടുത്താനും സൈന്യം ഇഖ്‌വാനികളെ ഉപയോഗിച്ചിരുന്നു.

ജമാഅത്തെ ഇസ്്‌ലാമിയുടെ മുതിര്‍ന്ന നേതാവായ ബഷീര്‍ അഹ്മദ് ദാദ കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. 1996ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ഭീഷണിയെത്തുടര്‍ന്ന് ദാദ, ലിയാഖത്ത് അലിഖാനെ സമീപിച്ചു. ഞാനല്ല ബോസാണ് ഇക്കാര്യമെല്ലാം തീരുമാനിക്കുന്നതെന്നായിരുന്നു ലിയാഖത്തിന്റെ മറുപടി. രാഷ്ട്രീയ റൈഫിള്‍സിലെ ഓപറേഷന്‍ ഗ്രൂപ്പായ വിക്റ്റര്‍ ഫോഴ്‌സിന്റെ മേജര്‍ ജനറല്‍ ശാന്തനു ചൗധരിയായിരുന്നു ബോസ്. മല്‍സരിക്കേണ്ടതില്ലെന്നും എന്നാല്‍, ലിയാഖത്ത് അലിഖാനോട് ഉടക്കാന്‍ നില്‍ക്കരുതെന്നും ചൗധരി ഉപദേശിച്ചെന്നും ദാദയുടെ മൊഴിയിലുണ്ട്. തന്റെ അയല്‍വാസിയായ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം മുഹമ്മദ് ഷാക്കിറിനെ ഇഖ്‌വാനികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായും ദാദ പറയുന്നു. സഹിക്കവയ്യാതെ ഗുലാം ശ്രീനഗറിലേക്ക് താമസം മാറ്റി. അവിടെ വച്ച് കാന്‍സര്‍ ബാധിച്ചു. തിരിച്ചുവന്ന് ദിവസങ്ങള്‍ക്കകം ഗുലാം മരിച്ചു.

ഞാന്‍ ഒരുപാടുപേരെ കൊന്നിട്ടുണ്ട്. അതെല്ലാം ഇന്ത്യക്കു വേണ്ടിയായിരുന്നു. അതൊരു തെറ്റായ കാര്യമാണോ- ലിയാഖത്ത് ഒരിക്കല്‍ ചോദിച്ചു. അനന്ത്‌നാഗിലെ സൈനിക ക്യാംപിനുള്ളിലെ ഒരു വീട്ടിലായിരുന്നു ലിയാഖത്തിന്റെ ജീവിതം. ലിയാഖത്തിന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇതിനകം കൊല്ലപ്പെട്ടിരുന്നു. കുക പരിയും കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഒരു വൈകുന്നേരം ഞാന്‍ ലിയാഖത്തിനെ വിളിച്ചു. നാളെ കാലത്ത് അനന്ത്‌നാഗിലേക്കു വരൂ, കാണാമെന്നായിരുന്നു ലിയാഖത്തിന്റെ മറുപടി. എന്നാല്‍, ലിയാഖത്ത് വന്നില്ല. പിന്നീടയാള്‍ ഫോണ്‍ എടുത്തതുമില്ല. അയാള്‍ മുങ്ങിക്കളഞ്ഞിരുന്നു.

നാളെ: അവരെന്നെ
കൊന്നിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു

ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ - 5

RELATED STORIES

Share it
Top