കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; ചെറുതുരങ്കങ്ങളുണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ തായ് യൂത്ത് ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ ചെറുതുരങ്കങ്ങളുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ഗുഹയ്ക്കു മുകളില്‍ വിവിധയിടങ്ങളിലായി നൂറിലധികം തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്.
മലയുടെ മുകളില്‍ നിന്നു ഗുഹയ്ക്കുള്ളിലേക്കു പുകക്കുഴല്‍ മാതൃകയിലുള്ള തുരങ്കങ്ങള്‍ ഉണ്ടാക്കി കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയാണു പരീക്ഷിക്കുന്നത്. തുരങ്കങ്ങളുടെ ആഴം 400 മീറ്റര്‍ കഴിഞ്ഞു. എന്നിട്ടും കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മല മുകളില്‍ നിന്നു 600 മീറ്റര്‍ അടിയിലാണ് കുട്ടികളുള്ളതെന്നാണു നിഗമനം. കുട്ടികളെ രക്ഷിച്ചെടുക്കാന്‍തക്ക വ്യാസത്തില്‍ തുരങ്കമുണ്ടാക്കല്‍ ദുര്‍ഘടം പിടിച്ചതാണെന്നാണു കണക്കുകൂട്ടല്‍. കുട്ടികള്‍ ഇപ്പോള്‍ ഉള്ളത് താരതമ്യേന വിസ്താരം കുറഞ്ഞ സ്ഥലത്താണ്.
ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ സാന്നിധ്യം കുറയുന്നതിനെ തുടര്‍ന്ന് ഇവിടേക്ക് ശുദ്ധവായു പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനുള്ള മറ്റ് സാധ്യതകളും ശ്രമിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഓക്‌സിജന്‍ സാന്നിധ്യം കുറയുന്നതിനെ തുടര്‍ന്ന്“ കഴിഞ്ഞ ദിവസം രക്ഷാ പ്രവര്‍ത്തകരിലൊരാള്‍ മരിച്ചിരുന്നു.
ബഡ്ഡി ഡൈവ്’ (ഓരോ കുട്ടിക്കുമൊപ്പം ഒരു മുങ്ങല്‍വിദഗ്ധനും നീന്തുക) രീതി പരീക്ഷിക്കാനും അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുണ്ട്. നാലു ദിവസത്തിനുള്ളില്‍ ഇവരെ പുറത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
ഗുഹയിലെ ഇടുങ്ങിയ വഴിയില്‍ വെള്ളവും ചളിയും മൂടിക്കിടക്കുന്നതും ശക്തമായ മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. ഞായറാഴ്ചയോടെ കാലവര്‍ഷം കനക്കുമെന്നു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നതാണ്.
ജൂണ്‍ 23നാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും തുവാം ഗുവാങ് ഗുഹയ്ക്കുള്ളില്‍പ്പെട്ടത്. ഒമ്പതു ദിവസത്തിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് നാലു കിലോമീറ്റര്‍ ഉള്ളില്‍ സംഘത്തെ സുരക്ഷിതമായി കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടന്നുവരുകയാണ്.

RELATED STORIES

Share it
Top