കനത്ത മഴ: പെരുവള്ളൂരില്‍ കുന്ന് ഇടിഞ്ഞ് 20 ഓളം കന്നുകാലികള്‍ ചത്തു

തേഞ്ഞിപ്പലം: ശക്തമായ മഴയെ തുടര്‍ന്ന് പെരുവള്ളൂര്‍ പഞ്ചായത്തിലെ മൂച്ചിക്കലില്‍ കുന്നിടിഞ്ഞുണ്ടായ അപകടത്തില്‍ 20ഓളം കന്നുകാലികള്‍ക്ക് ദാരുണാന്ത്യം. 30 അടിയോളം ഉയരത്തില്‍ നിന്നു കാലികളെ കെട്ടിയിട്ട ഫാമിനു മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. അപകടത്തില്‍ 18 പോത്തുകളും രണ്ടു കാളകളുമാണ് ചത്തത്.
സംഭവസമയം ഫാമില്‍ 36 കന്നുകാലികളുണ്ടായിരുന്നെങ്കിലും 16 എണ്ണം രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷപ്പെട്ട  ഒരു പോത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കന്നുകാലി കച്ചവടക്കാരനായ മൂച്ചിക്കല്‍ സ്വദേശി കണ്ടപ്പന്‍ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് കന്നുകാലികള്‍. നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും പാറക്കല്ലുകളും നീക്കിയാണ് മണ്ണിനടിയില്‍പെട്ടകന്നുകാലികളെ  പുറത്തെടുത്തത്.
ചത്ത കന്നുകാലികളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പരിസരത്തു തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.

RELATED STORIES

Share it
Top