കനത്ത മഴ : ജില്ലാ ആശുപത്രിയില്‍ വെള്ളം കയറി ; രോഗികള്‍ ബഹളംവച്ചുകണ്ണൂര്‍: വേനല്‍ച്ചൂടിനിടെ പെയ്ത കനത്ത മഴ അല്‍പം ആശ്വാസം പകര്‍ന്നെങ്കിലും പലയിടത്തും വെള്ളം കയറിയത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലായി. കടുത്ത ചൂടില്‍ നാടും നഗരവും വെന്തുരുകവെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഴ പെയ്തത്. ശക്തമായ ഇടിയും മിന്നലുമുണ്ടായി. ഇതേത്തുര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ മീറ്റര്‍ ഉള്‍പ്പെടെ വൈദ്യുതി ഉപകരണങ്ങള്‍ക്കും വയറിങിനും കേടുപാടുകള്‍ സംഭവിച്ചു. അപ്രതീക്ഷിത മഴയില്‍ കണ്ണൂര്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ വെള്ളം കുത്തിയൊഴുകി എത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും നന്നേ ബുദ്ധിമുട്ടി. മുറിക്കകത്തെ തറയില്‍ പായവിരിച്ച് കിടക്കുകയായിരുന്നു കൂട്ടിരിപ്പിനെത്തിയവര്‍. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന ഇവര്‍ പുറത്തേക്കോടി. പലരുടെയും തുണികളും മറ്റു സാധനങ്ങളും വെള്ളത്തില്‍ കുതിര്‍ന്നു. രോഗികളും ബന്ധുക്കളും ഒന്നടങ്കം ബഹളംവയ്ക്കുകയും രാവിലെ വാര്‍ഡ് ശുചീകരിക്കാനെത്തിയ ജീവനക്കാരെ തടയുകയും ചെയ്തു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ശുചീകരണമെന്നായിരുന്നു അവരുടെ ശാഠ്യം. ഒടുവില്‍ ഈ വാര്‍ഡിലെ മുഴുവന്‍ ഗര്‍ഭിണികളെയും സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റിക്കിടത്തിയതിന് ശേഷമാണ് മുറി വൃത്തിയാക്കിയത്. മഴവെള്ളം പുറത്തേക്കുപോവാന്‍ സംവിധാനമൊരുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഷീറ്റുകളില്‍നിന്നു താഴേക്ക് വീഴുന്ന വെള്ളം ഒഴുകിയെത്താന്‍ മെയിന്‍ ഹോള്‍ കെട്ടിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. കേവലം 10 ലിറ്റര്‍ വെള്ളം മാത്രം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മെയിന്‍ ഹോളിലേക്കാണ് സമീപത്തെ മൂന്നു കെട്ടിടത്തിലെ വെള്ളം ഒന്നായി ഒഴുകിയെത്തിയത്. ഇതിനു മുമ്പും മഴ പെയ്തപ്പോഴും വാര്‍ഡിനുള്ളിലേക്ക് വെള്ളം ഒഴുകിയെത്തിയിരുന്നു. എന്നാല്‍ അധികൃതര്‍ കാര്യമായി എടുത്തിരുന്നില്ല. അശാസ്ത്രീയ കെട്ടിടനിര്‍മാണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. കനത്ത മഴയില്‍ കണ്ണൂര്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താളിക്കാവിനു സമീപം മുതല്‍ പഴയ ബസ്സ്റ്റാന്റിലേക്കു പോവുന്ന റോഡില്‍ വരെ നിറയെ വെള്ളമായിരുന്നു.മലിനജലം കുത്തിയൊലിച്ചു നിറഞ്ഞുകവിഞ്ഞതിനാല്‍ രാവിലെ ഇതുവഴിയുള്ള വാഹനഗതാഗതം താറുമാറായി. വാഹനങ്ങളും കാല്‍നട യാത്രക്കാരും മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയാണു സഞ്ചരിച്ചത്. ബൈക്ക്, സ്‌കൂട്ടര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ വെള്ളക്കെട്ടില്‍ ഏറെ ബുദ്ധിമുട്ടി. വളപട്ടണം റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു താഴെയും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിയാണ് സഞ്ചരിച്ചത്. ചില വാഹനങ്ങള്‍ വെള്ളത്തില്‍ തെന്നിവീണു. ഒടുവില്‍ വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി മുഹമ്മദ് അശ്‌റഫിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓവുചാല്‍ ശുചീകരിച്ചതിനു ശേഷമാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. നേരത്തെ ഇവിടെ കേബിളിടുന്നതിനു വേണ്ടി എക്്‌സ്‌കവേറ്റര്‍ കയറാന്‍ ഓവുചാല്‍ കരിങ്കല്ലുകള്‍ കൊണ്ട് മൂടിയിരുന്നു. എന്നാല്‍ കേബിളിങ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ഓവുചാല്‍ പൂര്‍വസ്ഥിതിയിലാക്കിയിരുന്നില്ല. ഇതാണ് മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. കനത്ത മഴയില്‍ വളപട്ടണം സുബുലുസ്സലാം മദ്‌റസ എല്‍പി സ്‌കൂളില്‍ വെള്ളം കയറി. രാവിലെ അധ്യാപകരും വിദ്യാര്‍ഥികളും മുറികള്‍ ശുചീകരിച്ചതിനു ശേഷമാണ് ക്ലാസുകള്‍ തുടങ്ങിയത്.

RELATED STORIES

Share it
Top