കനത്ത മഴ: ജില്ലയില്‍ വ്യാപക നാശം

ഇരിട്ടി: നാടെങ്ങും കനത്ത മഴ തുടരുന്നു, വ്യാപക നാശനഷ്ടം. മൂന്നു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകി. നിരവധി പേരുടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. തില്ലങ്കേരി, വാഴക്കാല്‍ മേഖലകളില്‍ വെള്ളം കയറി നെല്ല് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിച്ചു. വാഴ, മരച്ചീനി, നെല്ല് എന്നിവയാണു വ്യാപകമായി നശിച്ചത്. കനത്ത മഴയില്‍ തില്ലങ്കേരി തോട് കരകവിഞ്ഞൊഴുകി. സി വി പത്മനാഭന്‍, സി എം കുഞ്ഞികൃഷ്ണന്‍, പി എം ജനാര്‍ദനന്‍, മുരിക്കോളി ബാലന്‍, മുരിക്കോളി ശ്രീധരന്‍ എന്നിവരുടെ കൃഷിയിടത്തിലാണ് വെള്ളം കയറിയത്.
ഇരിക്കൂര്‍: കനത്ത മഴയില്‍ ഇരിക്കൂര്‍ പുഴയില്‍ ജലവിതാനം ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളും പുഴയോര പാതകളും വെള്ളത്തിനടിയിലായി. പട്ടുവം വാണീവിലാസം എഎല്‍പി സ്‌കൂള്‍ റോഡ്, പൂഞ്ഞിടക്ക് നിടുവള്ളൂര്‍ പുഴക്കര റോഡ്, ആയിപ്പുഴ തീരദേശ റോഡ്, നിടുകുളം, കുയിലൂര്‍ റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങി. ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ പാലം, പാലം സൈറ്റ് റോഡിലെ മിനി പാലം എന്നിവ വെള്ളത്തില്‍ മുങ്ങി.
നിലാമുറ്റം, കുട്ടാവ്, ചേടിച്ചേരി, ചൂളിയാട് തോടുകളും കോളോട്, ചേടിച്ചേരി കോട്ടവയല്‍, ചൂളിയാട്, അടുവാപ്പുറം, കൊടോളിപ്രം, നിടുകുളം വയലുകളും വെള്ളത്തിലായി. നെല്ല്, നേന്ത്രവാഴ, കപ്പ, ചേന, പച്ചക്കറി വിളകളെല്ലാം നശിച്ചു. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
തളിപ്പറമ്പ്: കനത്ത മഴയില്‍ കുപ്പം, കുറുമാത്തൂര്‍, മുയ്യം, വടക്കാഞ്ചേരി, വെള്ളാവ് പ്രദേശങ്ങളിലെ പുഴകള്‍ കരകവിഞ്ഞൊഴുകി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപംകൊണ്ടു.
പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മുയ്യം പാലത്തിന് സമീപത്തെ വയോജന മന്ദിരത്തില്‍ വെള്ളം കയറി. കരിമ്പം-ചവനപ്പുഴ റോഡില്‍ മരം പൊട്ടിവീണ് വൈദ്യുതിത്തൂണുകള്‍ തകര്‍ന്നു.
ഉരുവച്ചാല്‍: കനത്ത മഴയില്‍ കാഞ്ഞിലേരി വായനശാലക്ക് സമീപം മുരിക്കില വീട്ടില്‍ ഒളോക്കാരന്‍ മനോഹരന്റെ വീട്ടിലെ കിണര്‍ തകര്‍ന്നു. 17 മീറ്റര്‍ ആഴമുള്ള ആള്‍മറയോടെയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെയാണ് സംഭവം.

RELATED STORIES

Share it
Top