കനത്ത മഴ: ചോര്‍ന്നൊലിച്ച് വടകര സിവില്‍ സ്റ്റേഷനിലെ ഓഫിസുകള്‍

വടകര: മഴ കനത്തതോടെ വടകര സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകള്‍ ചോര്‍ന്നൊലിച്ച് വെള്ളത്തില്‍. സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വടകര കൃഷിഭവന്‍, വിത്ത് തേങ്ങ സംഭരണ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, കൃഷിവകുപ്പ് ടെക്‌നിക്കല്‍, അസി.ഡയറക്ടര്‍ ഓഫീസ്, തൊട്ടു താഴെ പ്രവര്‍ത്തിക്കുന്ന സഹകരണ വകുപ്പിന്റെ അസി.രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് കോണ്‍ക്രീറ്റ് ചോര്‍ന്ന് വെള്ളത്തിലായത്.
സിവില്‍ സ്‌റ്റേഷന്റെ മൂന്നാം നിലയില്‍ ചോര്‍ച്ച തടയുന്നതിന് ഷീറ്റ് സ്ഥാപിക്കാന്‍ വേണ്ടി സണ്‍ഷൈഡ് അടര്‍ത്തിമാറ്റിയതാണ് ഓഫീസിനുള്ളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. കൂടാതെ കെട്ടിടത്തിന് മുകളില്‍ നിന്നും പുറത്തേക്ക് വെള്ളം പോകാനുള്ള പൈപ്പുകള്‍ പൊട്ടിയതും വെള്ളം കയറാന്‍ മറ്റൊരു കാരണമായി. ഓഫീസിനുള്ളില്‍ മുഴുവന്‍ വെള്ളം വ്യാപിച്ചതോടെ ജീവനക്കാര്‍ കസേരയില്‍ കാല്‍പൊക്കിയാണ് ഇരിക്കുന്നത്.
ഓഫീസുകളിലെ നെറ്റ്‌വര്‍ക്ക് സംവിധാനം പാടെ നിലച്ചിരിക്കുകയാണ്. ചുമരുകളില്‍ കൂടി വെള്ളം ഒലിച്ചിറക്കുന്നത് വൈദ്യുതി മൂലമുണ്ടാകുന്ന അപകടത്തിനും കാരണമായിരിക്കുകയാണ്. മാത്രമല്ല ഫയലുകളും മറ്റും നശിക്കാനും സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. താലൂക്കിലെ മുഴുവന്‍ കൃഷി സംബന്ധമായ ഫയലുകളും നീക്കേണ്ട ഈ ഓഫീസ് വെള്ളത്തിനടിയിലായത് പ്രതിഷേധത്തിന് ഇടയാക്കി.
മഴക്കെടുതി ശക്തമായ താലൂക്കിലെ കൃഷി സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കേണ്ട ഓഫീസാണിത്. മറ്റൊരാള്‍്ക്ക് ഓഫീസില്‍ കയറാനാവാത്ത വിധം വെള്ളം കയറിയത് ഉപഭോക്താക്കള്‍ക്കും പ്രയാസമായിരിക്കുകയാണ്. പലവിധ പകര്‍ച്ചാ വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് രോഗം വരാനും സാധ്യതയേറെയാണ്.
ഇന്നലെ രാവിലെ മുതല്‍ ഓഫീസിനുള്ളില്‍ നിന്നും ബക്കറ്റ് ഉപയോഗിച്ചാണ് വെള്ളം നീക്കം ചെയ്തത്. അമ്പതോളം ഉദ്യോഗസ്ഥരാണ് വെള്ളം കയറിയിരിക്കുന്ന ഓഫീസുകളിലായി ജോലി ചെയ്ത് വരുന്നത്. മുമ്പ് പല തവണ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭിത്തികള്‍ അടര്‍ന്ന് വീണ സംഭവമുണ്ടായിരുന്നു. അപ്പോഴൊക്കെ പിഡബ്ല്യുഡി വകുപ്പ് കണ്ണില്‍പൊടിയിടുന്ന തരത്തില്‍ പ്രവൃത്തി കാണിക്കയാണ് പതിവ്.
പല തവണയായി അപകടങ്ങളുണ്ടാകും വിധം കെട്ടിടത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു വീണിരുന്നു. ഇപ്പോഴും ജീവന് ഭീഷണി നേരിട്ട് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇവിടെ ജോലി ചെയ്യുന്നത്. വെള്ളം കയറിയതറിഞ്ഞ് തഹസില്‍ദാര്‍ പികെ സതീഷ് കുമാര്‍, പിഡ്ബ്ല്യുഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓഫീസുകള്‍ സ്ന്ദര്‍ശിച്ചു. വേണ്ട നടപടി കൈകൊള്ളാന്‍ തഹസില്‍ദാര്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top