കനത്ത മഴ: കണ്ണൂരില്‍ വ്യാപക നാശം

കണ്ണൂര്‍: കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. രണ്ടുദിവസമായി ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും മലയോര മേഖലയില്‍ ഉള്‍പ്പെടെ വീടുകള്‍ തകര്‍ന്നു. മരങ്ങളും വൈദ്യുതിലൈനുകളും പൊട്ടിവീണു. കാര്‍ഷിക വിളള്‍ക്കും വ്യാപക നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ഇവിടങ്ങളിലെ ജനങ്ങളുടെ ദുരിതവും ഇരട്ടിച്ചു. ഈമാസത്തെ ശക്തമായ മഴയാണ് ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയത്.
കണ്ണൂര്‍ താലൂക്കിലാണ് ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത്-121.8 മില്ലി മീറ്റര്‍. തളിപ്പറമ്പ്-109.8 മില്ലി മീറ്റര്‍, തലശ്ശേരി-106.0 മില്ലി മീറ്റര്‍. ഇരിക്കൂറിലെ മഴമാപിനിയില്‍ 83.0 മില്ലി ലിറ്ററും  രേഖപ്പെടുത്തി. പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരത്തും തീരദേശ മേഖലയിലും ജനങ്ങള്‍ ജാഗ്രതയിലാണ്. കനത്ത കാറ്റിലും മഴയിലും കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഡിഎംഒ ഓഫിസ് കോംപൗണ്ടിലെ മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടിവീണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവ മുറിച്ചുനീക്കിയത്. പുതിയതെരു കാട്ടാമ്പള്ളി റോഡിലെ ആശാരിക്കമ്പനിയില്‍ കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. ശക്തമായ മഴയായതിനാല്‍ ഇന്നലെ ബസ്‌സ്‌റ്റോപ്പില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഇതുകാരണം വന്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top