കനത്ത മഴയിലും വീശിയടിച്ച കാറ്റിലും വ്യാപകനാശം

മൂവാറ്റുപുഴ: കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ആയവന, വാളകം പഞ്ചായത്തുകളില്‍ വ്യാപകനാശം. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റാണ് നാശം വിതച്ചത്. ആയവന പഞ്ചായത്തിലെ ഏനാനല്ലൂര്‍ താമരശേരി ജയിംസിന്റെ 75ഓളം ഏത്തവാഴകള്‍ കാറ്റില്‍ നിലംപതിച്ചു.
കച്ചിറയില്‍ റോജി, നെല്ലിക്കുന്നേല്‍ ജിയോ എന്നിവരുടെ പുരയിടങ്ങളിലെ തേക്ക്, ജാതി എന്നിവ കടപുഴകി. മേഖലയില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. റബര്‍, പ്ലാവ്, ആഞ്ഞിലി തുടങ്ങിയവ കാറ്റില്‍ നശിച്ചു.വാളകം പഞ്ചായത്തില്‍ രണ്ട്, 13,14 വാര്‍ഡുകളിലാണ് വ്യാപക കൃഷി നാശം സംഭവിച്ചിരിക്കുന്നത്. പാട്ടിലാക്കുഴി ഫിലിപ്പ് മത്തായി, മഞ്ഞമറ്റത്ത് കുര്യാച്ചന്‍, കുന്നത്ത് മത്തായി, കുറ്റിക്കാട്ട് ജോര്‍ജ്, പുത്തന്‍വീട്ടില്‍ ബിനീഷ്, മാറ്റക്കോട്ട് പ്രസാദ്, ചെറുവണ്ണൂര്‍ ജോണി തുടങ്ങിയവരുടെ റബര്‍, ജാതി, വാഴ, ചേന, പച്ചക്കറികള്‍ തുടങ്ങിയവയും കാറ്റില്‍ നശിച്ചു. പഞ്ചായത്തംഗങ്ങളായ എ സോമന്‍, ആര്‍ രാമന്‍, കൃഷി ഓഫിസര്‍ വി പി സിന്ദു, കൃഷി അസി. കെ എം ലൈല തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
വിവിധ പ്രദേശങ്ങളിലായി 250ഓളം വാഴയും 450ഓളം റബറും 120ഓളം ജാതിയും കാറ്റില്‍ നശിച്ചതായി റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ജിഒ കോര്‍ട്ടേഴ്‌സ്, കടാതി അമ്പലംപ്പടി എന്നിവിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണിരുന്നു. മേക്കടമ്പ് വെളുത്തേടത്തുകിട മോഹനന്റെ വീടിനു മുകളിലേയ്ക്ക് മരം വീണു. ഇതിനെ തുടര്‍ന്നു വീടിനു ഭാഗീകമായ കേടുപാടുകള്‍ സംഭവിച്ചു.
പെരുവംമൂഴിയില്‍ റോഡിനു കുറുകെ മരം വീണതിനെ തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം വെട്ടിമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആരക്കുഴ, പായിപ്ര, പാലക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാറ്റില്‍ പലയിടങ്ങളിലും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. ഇതിനെ തുടര്‍ന്നു മേഖലയില്‍ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top