കനകമല ഐഎസ് കേസ്: എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്‌

ന്യൂഡല്‍ഹി: കനകമല കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനിക്ക് പാരിസ് ആക്രമണക്കേസില്‍ പിടിയിലായ അബ്ദുല്‍ അബൂദിനെ പരിചയമുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം മുമ്പ് ഫ്രാന്‍സില്‍ എത്തുകയും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായാണ് എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക് പോവുന്നത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു എന്‍ഐഎസംഘം നേരത്തേ ഫ്രാന്‍സിലെത്തിയത്. എന്നാല്‍ പാരിസ് ആക്രമണക്കേസില്‍ പിടിയിലായവരെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല.  ഫ്രാന്‍സില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങളിലെ ചിലരെ അന്ന് സുബ്ഹാനി ഖാജ മൊയ്തീന്‍ തിരിച്ചറിഞ്ഞിരുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഒരു പാകിസ്താന്‍കാരനെയടക്കം ചോദ്യംചെയ്യാന്‍ എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക് തിരിക്കുന്നത്. ഫ്രാന്‍സ് അധികൃതരുടെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ച് പാരിസ് ആക്രമണ ക്കേസില്‍ പിടിയിലായവരെ എന്‍ഐഎ ചോദ്യംചെയ്യും. കേസ് പരിഗണിക്കുന്ന ഫ്രഞ്ച് കോടതിയുടെ അനുമതിയോടെയാണ് നടപടി.  ഇതിനു പുറമെ, ഫ്രാന്‍സിലെ അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യംചെയ്യുമെന്നും റിപോര്‍ട്ടുണ്ട്.  ഇതിനായുള്ള കോടതി നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിവരുന്നുണ്ട്. തിരുനെല്‍വേലിക്കാരന്‍ സുബ്ഹാനി ഖാജ മൊയ്തീന് പാരിസ് ആക്രമണക്കേസിലെ പ്രതികള്‍ക്കൊപ്പം പരിശീലനം ലഭിച്ചിരുന്നുവെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. സുബ്ഹാനി  കമാന്‍ഡിങ് ഓഫിസറായിരുന്നുവെന്നും ഇറാഖിലെ ഐഎസ് കേന്ദ്രത്തില്‍ എകെ47 തോക്കും റോക്കറ്റ് ലോഞ്ചറും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും എന്‍െഎഎ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാരിസ് കേസില്‍ ഇരു രാജ്യങ്ങളും സംയുക്തമായി അന്വേഷണം നടത്താനാണ്  തീരുമാനിച്ചത്.

RELATED STORIES

Share it
Top