കഥയുടെ കാരണവര്‍karoorജോസ് ചന്ദനപ്പള്ളി

പാധികളില്ലാത്ത സ്‌നേഹമാണ് പ്രകൃതിയുടെ ഭാവം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പാഠഭാഗങ്ങളാണ് 10ാം ക്ലാസ് കേരള പാഠാവലി മലയാളം പുസ്തകത്തിലെ നാലാമത്തെ യൂനിറ്റില്‍. ഉള്ളൂരിന്റെ കായിന്‍ പേരില്‍ പൂമതിക്കുമ്പോള്‍, പി. ഭാസ്‌കരന്റെ വിണ്ട കാലടികള്‍, അക്കിത്തത്തിന്റെ അടുത്തൂണ്‍ എന്നീ കവിതകളും കാരൂര്‍ നീലകണ്ഠപിള്ളയുടെ ഉതുപ്പാന്റെ കിണര്‍, മാധവിക്കുട്ടിയുടെ കടലിന്റെ വക്കത്ത് ഒരു വീട് എന്നീ കഥകളും നാലാം യൂനിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരുടെ ജീവിത ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന കാരൂരിന്റെ ജീവിതവും കഥയും പരിചയപ്പെടാം.
ജീവിതഗന്ധിയായ കഥകളുടെ എഴുത്തുകാരനാണ് കാരൂര്‍ നീലകണ്ഠപിള്ള. മലയാള ചെറുകഥയുടെ സുവര്‍ണ യുഗത്തില്‍ രചന നടത്തിയിരുന്ന അനുഗൃഹീതനായ കാരൂര്‍, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ലളിതാംബിക അന്തര്‍ജനം തുടങ്ങിയവരോടൊപ്പം കഥാലോകത്ത് നിറഞ്ഞുനിന്നു. ജീവിതാനുഭവങ്ങളുടെ ധാരാളിത്തവും രചനാശൈലിയും കാരൂര്‍ കൃതികളെ വ്യത്യസ്തമാക്കുന്നു. പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചാണ് കാരൂര്‍ എഴുതിയത്. സാധാരണ മനുഷ്യരുടെ നിസ്സഹായതയും വേദനയും കാരൂര്‍ ജീവനുള്ള കഥകളാക്കി. തുച്ഛ ശമ്പളക്കാരനായ കാരൂരിന് ദുരിതങ്ങളുടെ നിലവിളി കേള്‍ക്കാന്‍ എളുപ്പം കഴിയുമായിരുന്നു. അവ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാരൂര്‍ കടലാസിലേക്ക് പകര്‍ത്തി.

കാരൂര്‍ കൃതികള്‍
അനുഭവ തീക്ഷ്ണത, മിതത്വം, വേതനകള്‍ക്കിടയിലും തെളിയുന്ന നര്‍മരസം ഇവയൊക്കെ കാരൂര്‍ കൃതികളുടെ സവിശേഷതകളാണ്. മണ്ണില്‍ വേരൂന്നിയ കഥകള്‍ എന്ന വിശേഷണം കാരൂര്‍ കഥകള്‍ക്ക് അനുയോജ്യമാണ്. കൃത്രിമത്വമോ ഉപദേശങ്ങളോ ഇല്ലാതെയാണ് അദ്ദേഹം കഥ പറഞ്ഞത്. ഭാവനാശാലിയാണെങ്കിലും ഒരിക്കലും യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നുപോയില്ല. കാരൂര്‍ നമ്മുടെ മുന്നിലിരുന്ന് കഥ പറഞ്ഞു തരുന്നു എന്ന തോന്നലാണ് അദ്ദേഹത്തിന്റെ കഥ വായിക്കുമ്പോള്‍ അനുവാചകര്‍ക്കുണ്ടാവുന്ന വികാരം എന്നാണ് പ്രശസ്ത നിരൂപകന്‍ പ്രഫ. എന്‍. കൃഷ്ണപിള്ള പറഞ്ഞത്. സാധാരണക്കാരെ തന്റെ കഥകളില്‍ കഥാപാത്രങ്ങളാക്കുമ്പോഴും അവരിലെ അസാധാരണമായ സ്വഭാവ സവിശേഷതകളെ കണ്ടെത്തി ആവിഷ്‌കരിക്കുന്നതില്‍ കാരൂരിന് അസാമാന്യ പാടവം തന്നെയുണ്ടായിരുന്നു. സംഭവങ്ങളേക്കാള്‍ കഥാപാത്രങ്ങള്‍ക്കാണ് കാരൂര്‍ തന്റെ കഥകളില്‍ പ്രാധാന്യം നല്‍കിയത്.

karoor kadhakalബഹുമുഖ പ്രതിഭ
അധ്യാപകന്‍, സാഹിത്യകാരന്‍, സംഘാടകന്‍, വൈദ്യന്‍, കൃഷിക്കാരന്‍, സമുദായ പ്രവര്‍ത്തകന്‍, അധ്യാപക മഹാസഭയുടെ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രൂപീകരണ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1932ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ഭൃത്യവാല്‍സല്യം ആണ് ആദ്യത്തെ കഥ. അക്കാലത്തുണ്ടായിരുന്ന എം.എന്‍.നായര്‍ മാസികയിലും ചിത്രോദയം വാരികയിലുമായി നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചു. 'കണ്ടപ്പന്‍' എന്ന തൂലികാനാമം ഇക്കാലത്തുപയോഗിച്ചിരുന്നു. കഥാകൗതുകം എന്ന കൃതിയടക്കം 22 കഥാസമാഹാരങ്ങളും 187ലധികം കഥകളും കാരൂര്‍ രചിച്ചിട്ടുണ്ട്. നാടകവും നോവലുകളും ബാലസാഹിത്യകൃതികളും ഇദ്ദേഹത്തിന്റെ തൂലികയ്ക്കു വഴങ്ങുന്നതായിരുന്നു.

ജീവിതരേഖ
ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപമുള്ള കാരൂര്‍ വീട്ടില്‍ കുഞ്ഞുനീലി അമ്മയുടെയും നീലകണ്ഠപിള്ളയുടെയും പുത്രനായി 1898 ഫെബ്രുവരി 22നാണ് കാരൂര്‍ നീലകണ്ഠപിള്ള ജനിച്ചത്. ഏറ്റുമാനൂര്‍ മലയാളം സ്‌കൂളില്‍ പഠനമാരംഭിച്ച കാരൂര്‍ 15ാമത്തെ വയസ്സില്‍ 7ാം ക്ലാസ് പാസായി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അധ്യാപക സമാജത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപിത സെക്രട്ടറിയായി. 20 കൊല്ലം ആ പദവിയില്‍ ഇരുന്നു. എഴുത്തുകാരന് പ്രതിഫലം ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യകാര സംഘടനയായി വളര്‍ത്തിയെടുക്കുകയും ചെയ്തു. കാവാലത്ത് കിഴക്കേ മഠത്തില്‍ ഭവാനിഅമ്മയായിരുന്നു സഹധര്‍മിണി. 1975 സപ്തംബര്‍ 30ന് അന്തരിക്കുന്നതുവരെ സാഹിത്യരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

ഏറ്റുമാനൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ ശേഷം കാരൂര്‍ മലയാളം ഹയര്‍ പരീക്ഷ പാസായി. അധ്യാപക സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കുറച്ചുനാള്‍ ജോലി നഷ്ടപ്പെട്ടു.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം സ്ഥാപിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും കാരൂര്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. എം.പി.പോള്‍ പ്രസിഡന്റും കാരൂര്‍ സെക്രട്ടറിയുമായി 1945 ല്‍ രജിസ്റ്റര്‍ ചെയ്ത സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഏഷ്യയിലെ തന്നെ മികച്ച സാഹിത്യകാര സംഘടനയായി വളര്‍ത്തിയെടുക്കുകയും ചെയ്തു. സാഹിത്യ സഹകരണസംഘത്തെ കാരൂര്‍ 20 കൊല്ലത്തിലേറെ കാലം നയിച്ചു.

എത്ര വലിയ കാര്യവും കൊച്ചുകൊച്ചു വാക്യങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള കാരൂരിന്റെ കഴിവ് അതുല്യമാണ്. പരിമിതമായ കഥാപാത്രങ്ങള്‍, ചുരുങ്ങിയ സംഭവങ്ങള്‍, സംക്ഷിപ്തമായ ആഖ്യാനം, ധന്യാത്മകമായ ഭാഷാരീതി തുടങ്ങി ചെറുകഥ എന്ന സാഹിത്യശില്പത്തിനുവേണ്ട സാങ്കേതിക മേന്മകളൊക്കെ ഒത്തിണങ്ങിയതാണ് കാരൂര്‍ കഥകള്‍. മരപ്പാവകള്‍, മോതിരം, ഉതുപ്പാന്റെ കിണര്‍ തുടങ്ങിയ കഥകളിലെല്ലാം കാരൂരിന്റെ സാമൂഹിക പ്രതിബദ്ധത കണ്ടെത്താനാവും. മരപ്പാവകളിലെ നളിനിയും പൂവമ്പഴത്തിലെ അന്തര്‍ജനവുമൊക്കെ കാരൂരിന്റെ മികവുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണ്. കാരൂര്‍ കുട്ടികളുടെ മനസ്സറിഞ്ഞ കഥാകാരനായിരുന്നു. പിശാചിന്റെ കുപ്പായം, മാലപ്പടക്കം തുടങ്ങിയ കഥകള്‍ ഉദാഹരണങ്ങളാണ്. കഥാകാരനായ കഥ എന്ന രചനയില്‍ അദ്ദേഹം തന്റെ എഴുത്തിന്റെ രീതികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top