കത് വ ബലാത്സംഗം: പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു?;മാധ്യങ്ങള്‍ക്ക് കോടതി നോട്ടീസ്

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെ കത് വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് മാധ്യങ്ങളോട് ഹൈക്കോടതി ചോദിച്ചു.ഇന്നാണ് കോടതി മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തലും ജസ്റ്റിസ് സി ഹരി ശങ്കറും അടങ്ങിയ ബെഞ്ചാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. അച്ചടി, ദൃശ്യ,ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയെല്ലാം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് മാധ്യമസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കോടതി നോട്ടീസില്‍ പറയുന്നു. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് നിയമലംഘനത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കോടതി നിരീക്ഷിച്ചു.

RELATED STORIES

Share it
Top