കത് വ കേസ്:കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്;വിചാരണ മാറ്റി

ന്യൂഡല്‍ഹി:കത് വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍  ഇന്ന് ആരംഭിക്കാനിരുന്ന വിചാരണ മാറ്റിവച്ചു. വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിചാരണ മാറ്റി വച്ചത്.ഈ മാസം 28ലേക്കാണ് വിചാരണ മാറ്റിവച്ചത്. കേസില്‍ ഹാജരാകുന്ന അഭിഭാഷകക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.അറസ്റ്റിലായ എട്ടുപേരുടെ വിചാരണയാണ് ഇന്ന് തുടങ്ങാനിരുന്നത്. സെഷന്‍സ് കോടതയിലാണ് വിചാരണ നടക്കുക. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായിതിനാല്‍ അയാള്‍ക്കായി പ്രത്യേക കുറ്റപത്രമാണ് സമര്‍പ്പിച്ചത്.കത് വ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക.സര്‍ക്കാര്‍ രണ്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ജനുവരി 10നാണ് കത്‌വ ജില്ലയിലെ രസാനയില്‍ നിന്ന് ആസിഫയെ കാണാതാവുന്നത്. നാടോടി മുസ്‌ലിംകളായ ബക്കര്‍വാല്‍ (ആട്ടിടയ) വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോയപ്പോഴാണു കാണാതായത്. ദിവസങ്ങള്‍ക്കു ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്ന് അല്‍പ്പമകലെ ക്രൂരമായി കൊലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. കൂട്ടബലാല്‍സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റു തകര്‍ന്നിരുന്നു. ബ്രാഹ്മണര്‍ തിങ്ങിത്താമസിക്കുന്ന രസാന ഗ്രാമത്തില്‍നിന്നു ബക്കര്‍വാല വിഭാഗത്തെ ഭീതിപ്പെടുത്തി ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോവലും ബലാല്‍സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനെയും മകനെയും സാഞ്ജിറാം കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു.

മുന്‍ റവന്യൂ ഓഫിസറും സംഭവത്തിന്റെ സൂത്രധാരനുമായ സാഞ്ജിറാം, ഇയാളുടെ മകനും കോളജ് വിദ്യാര്‍ഥിയുമായ വിശാല്‍ കുമാര്‍, മരുമകന്‍ 16കാരന്‍,  സുഹൃത്ത്് പര്‍വേസ് കുമാര്‍, പോലിസ് ഉദ്യോഗസ്ഥനായ ദീപക് ഖജൂരിയ   എന്നിവരാണ് മുഖ്യ പ്രതികള്‍. തദ്ദേശീയരായ ബ്രാഹ്മണരും ബക്കര്‍വാല്‍ വിഭാഗങ്ങളും തമ്മില്‍ കഴിഞ്ഞ നവംബറോടെ ആരംഭിച്ച ഭൂമി അതിര്‍ത്തിത്തര്‍ക്കങ്ങളാണ് ഇത്തരമൊരു ഹീനകൃത്യത്തിലേക്കു വഴിവച്ചത്.
18 പേജുള്ള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വസ്തുതകളാണു പറയുന്നത്. 10നു കാണാതായ കുട്ടിയുടെ മൃതദേഹം ഏഴുദിവസത്തിനു ശേഷം സമീപത്തെ വനപ്രദേശത്തു നിന്നാണു കണ്ടെത്തിയത്. ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍  എന്നീ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങി കൊലയ്ക്ക് കൂട്ടുനിന്നതായി കുറ്റപത്രത്തി ല്‍ പറയുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ തിലക്‌രാജ്, എഎസ്‌ഐ ആനന്ദ് ദുട്ട എന്നിവരും കൂട്ടുനിന്നു. 12നാണ് പെണ്‍കുട്ടിയുടെ പിതാവ് കുട്ടിയെ കാണാനില്ലെന്നു പരാതി നല്‍കിയത്. 7ന് ദീപക് ഖജൂരിയ മെഡിക്കല്‍ ഷോപ്പില്‍ നിന്നു കുട്ടിയെ മയക്കാനായി മരുന്ന് വാങ്ങിവച്ചു. 10ന് സാഞ്ജിറാം തന്റെ അനന്തരവനോട് കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തായ പര്‍വേസ് കുമാറിന്റെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുംവഴി ഇരുവരും കാട്ടില്‍ വച്ച് പീഡിപ്പിച്ചു. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ആസിഫയെ ഒളിപ്പിച്ച ഇവ ര്‍ സാഞ്ജിറാമിനെ വിവരം അറിയിച്ചു. റാം കുട്ടിക്ക് വീണ്ടും മയക്കുമരുന്നു നല്‍കി. ജനുവരി 11ന് റാമിന്റെ അനന്തരവന്‍ വിശാല്‍ ജന്‍ഗോത്ര എന്ന മറ്റൊരു പ്രതിയെ മീറത്തില്‍ നിന്നു വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കി. 12ന് ഭക്ഷണംപോലും കഴിക്കാതിരുന്ന ആസിഫയ്ക്ക് ഇരുവരും ചേര്‍ന്ന് വീണ്ടും മൂന്നു മയക്കുഗുളികകള്‍ നല്‍കി.
13ന് ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയ റാം കുട്ടിയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി. ഇതിനു പിന്നാലെ ഇയാളുടെ അനന്തരവനും ജനഗോത്രയും പാതി മരിച്ച എട്ടുവയസ്സുകാരിയെ വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ ആസിഫയെ ഒരു കലുങ്കിനടുത്തേക്കു കൊണ്ടുപോയി. എന്നാല്‍, സ്ഥലത്തെത്തിയ ഖജൂരിയ (പോലിസുകാരന്‍) കൊല്ലുന്നതിനു മുമ്പ് കുട്ടിയെ തനിക്ക് അവസാനമായി ഒന്നു പീഡിപ്പിക്കണമെന്നു പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. പീഡിപ്പിച്ചതിനു ശേഷം ഇടത് തുടകൊണ്ട് ആസിഫയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ചാണു കൊന്നത്. മരണം ഉറപ്പുവരുത്താനായി കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചു. തുടര്‍ന്ന് 15നാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത്.

RELATED STORIES

Share it
Top