കത്‌വ: അതിവേഗ കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി

ശ്രീനഗര്‍/ ഉദ്ദംപൂര്‍: കത്‌വയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം മൃഗീയമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ച് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഹൈക്കോടതി ചീഫ്ജസ്റ്റിസിന് കത്തയച്ചു. അതിവേഗ കോടതിയില്‍ 90 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാനാവും. കൊലക്കേസിലെ പ്രതികളായ പോലിസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കൊലയാളികളെ ന്യായീകരിച്ച രണ്ടു ബിജെപി മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് കൈമാറുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് റാം മാധവ് പറഞ്ഞു. വനഭൂമി കൈയേറിയ നാടോടികളെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് സംസ്ഥാന ആദിവാസി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജമ്മു-കശ്മീരിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ സത് ശര്‍മയ്ക്കാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയിരുന്നത്. വനം മന്ത്രി ലാല്‍സിങ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവച്ചവര്‍. പെണ്‍കുട്ടിയുടെ കൊലപാതകം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു വിവേകമില്ലായ്മ ഉണ്ടായിട്ടുണ്ടെന്ന് റാം മാധവ് സമ്മതിച്ചു.
അതേസമയം, പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് തങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തതെന്നും പാര്‍ട്ടി പ്രസിഡന്റാണ് തങ്ങളെ അയച്ചതെന്നും മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ പറഞ്ഞു.

RELATED STORIES

Share it
Top