കത്തുന്ന വേനലില്‍ പക്ഷികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ആല്‍ബര്‍ട്ട്

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: വീട്ടുമുറ്റത്തും പറമ്പിലും പാറിക്കളിക്കുന്ന കിളികള്‍ക്കു വിശപ്പും ദാഹവുമൊക്കെ കാണുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ജലസ്രോതസുകളെല്ലാം വറ്റി മനുഷ്യന്‍ പോലും കുടിവെള്ളത്തിനായി പരക്കം പായുമ്പോള്‍ അവയ്ക്ക് ഒരിറ്റു വെള്ളം കൊടുക്കാന്‍ ആരെങ്കിലും സമയം കണ്ടെത്താറുണ്ടോ? ഭൂരിപക്ഷം പേര്‍ക്കും അതിനൊന്നും സമയം കിട്ടാറില്ല.
എന്നാല്‍, പൊന്നാനി സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ആല്‍ബര്‍ട്ട് തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും പക്ഷികള്‍ക്കു ദാഹനീരു പകരുകയാണ്. ആല്‍ബര്‍ട്ടിന്റെ വീട്ടുവളപ്പിലെ മരച്ചില്ലകളില്‍ പറന്നെത്തുന്ന പക്ഷികള്‍ സന്തുഷ്ടരാണ്. അവറ്റകള്‍ക്ക് ദാഹം തീരുന്നതുവരെ വെള്ളം കുടിക്കാം. ഒപ്പം കുശാലായി കുളിക്കുകയുമാവാം. ഇവിടുത്തെ മരത്തിലുണ്ട് അവര്‍ക്കായുള്ള നീന്തല്‍ക്കുളവും കുടിക്കാനുള്ള വെള്ളവും. വീട്ടുവളപ്പിലെ പൂന്തോട്ടത്തിലെ മരത്തിലാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ പാത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ആലപ്പുഴക്കാരനാണ് ഈ പോലിസുകാരന്‍.
വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാതെ പക്ഷികള്‍ ചത്തുവീഴുന്നതുകണ്ടതോടെയാണ് ഇവയ്ക്ക് വെള്ളം എങ്ങനെ നല്‍കാം എന്ന ചിന്ത ഉദിച്ചത്. വെള്ളം കുടിക്കാന്‍ നിരവധി പക്ഷികള്‍ എത്തുന്നുണ്ടിപ്പോള്‍. ദിവസവും മൂന്നുപ്രാവശ്യം ചട്ടിയില്‍ വെള്ളം നിറയ്ക്കും.
12 വര്‍ഷം മുമ്പ് ചങ്ങരംകുളത്ത് പോലിസ് ഓഫിസറായി എത്തിയ ഇദ്ദേഹം പലപല സ്‌റ്റേഷനുകളിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും സ്‌റ്റേഷന്‍ വളപ്പില്‍ പച്ചക്കറി കൃഷിയും മീന്‍ വളര്‍ത്തലുമായി താമസം ചങ്ങരംകുളത്താക്കി. ഇപ്പോള്‍ സ്‌റ്റേഷന്‍ വളപ്പ് നിറയെ കോവക്ക, പയര്‍, കറിവേപ്പ്, വാഴ, വഴുതനങ്ങ, പീച്ചിങ്ങ, ബീറ്റ്‌റൂട്ട്, വെണ്ട, പപ്പായ,പൊതിന, മല്ലിച്ചെപ്പ്, മുരിങ്ങ, ഫാഷന്‍ഫ്രൂട്ട്, ചേമ്പ്, കാവത്ത് എന്നിവ നിറഞ്ഞുനില്‍ക്കുകയാണ്. എല്ലാത്തിന്റെ പിറകിലും ഈ പോലിസുകാരന്‍ തന്നെ. പിന്തുണയുമായി ഭാര്യ ബീനയും മക്കള്‍ അപര്‍ണയും ആതുലുമുണ്ട്.

RELATED STORIES

Share it
Top