കത്തുന്ന വേനലിലെ പരീക്ഷ വിദ്യാര്‍ഥികളെ വലയ്ക്കുന്നു

മഞ്ചേരി:  എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ചോദ്യങ്ങളേക്കാള്‍ കുട്ടികളെ വലയ്ക്കുകയാണു കത്തുന്നവേനല്‍ചൂട്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുമ്പോള്‍ കനത്ത ചൂടിനിടെയാണു പരീക്ഷാ നടത്തിപ്പ്.
ജില്ലയില്‍ ശരാശരി അന്തരീക്ഷ താപനില 36 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ചൂടിനെ പ്രതിരോധിക്കാന്‍ പരീക്ഷാഹാളുകളില്‍ മുന്നൊരുക്കങ്ങളുണ്ടെങ്കിലും പരീക്ഷകളുടെ സമയക്രമം ചൂടിന്റെ കാഠിന്യം നേരിട്ടനുഭവിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുകയാണ്.
ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ മുതല്‍ ഉച്ചവരേയും എസ്എസ്എല്‍സി പരീക്ഷ ഉച്ച മുതലുമാണ് ആരംഭിക്കുന്നത്.
രാവിലെ പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളുടെ മടക്കം ഉച്ചവെയിലേറ്റാണ്. ഉച്ചക്ക് ആരംഭിക്കുന്ന പരീക്ഷയ്‌ക്കെത്തുന്നവരും വെയിലേറ്റു തളരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ ആശ്രയിക്കാത്ത വിദ്യാര്‍ഥികള്‍ വെയിലേറ്റ് തളരുന്ന അവസ്ഥയാണുള്ളത്. വിദ്യാര്‍ഥികള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ടു വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പരീക്ഷാ സമയത്തെ ചൊല്ലി കുട്ടികള്‍ തന്നെ പ്രതികരിക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതാന്‍ വിദ്യാര്‍ഥികള്‍ക്കും നിര്‍ദേശമുണ്ട്. പരീക്ഷാ ഹാളുകളില്‍ ഫാന്‍ സൗകര്യവുമുള്ളപ്പോള്‍ പരീക്ഷയ്ക്കിടെ ചൂടിന്റെ ആലസ്യം കുട്ടികളെ കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍, വേനലാരംഭത്തില്‍ തന്നെയുള്ള കനത്ത ചൂടില്‍ ഉച്ചവെയിലേല്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. സൂര്യതാപമേല്‍ക്കാനും നിര്‍ജലീകരണത്തിനും ഇത് വഴിവയ്ക്കുമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
യൂനിഫോമുകളില്‍ കാര്‍ക്കശ്യം പുലര്‍ത്താതെ ഇളം നിറങ്ങളിലുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശവും പരീക്ഷാ കാലത്ത് പ്രാവര്‍ത്തികമായിട്ടില്ല.

RELATED STORIES

Share it
Top