കതിരൂര്‍ മനോജ് വധക്കേസ് പ്രതികള്‍ക്കു കൈവിലങ്ങ്‌ ; പോലിസുകാരോട് വിശദീകരണം തേടികൊച്ചി:  കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതിന് 16 പോലിസുകാരോട് എആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം തേടി. പോലിസ് തങ്ങളെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്തുവെന്നാരോപിച്ച് കേസിലെ ഒന്നാം പ്രതി വിക്രമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസുകാര്‍ക്ക് മെമ്മോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 25ന് സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൈവിലങ്ങണിയിക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍  അനുമതി നിഷേധിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പ്രതി വിക്രമന്‍ എറണാകുളം ജയില്‍ സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു.  അദ്ദേഹം ഈ പരാതി എആര്‍ ക്യാംപ് കമാന്‍ഡന്റിനു കൈമാറി.  തുടര്‍ന്നാണ് സിറ്റി എആര്‍ ക്യാംപിലെ 15 പോലിസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്‌ഐക്കും വിശദീകരണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ് മെമ്മോ നല്‍കിയത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് മെമ്മോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവരം അപ്പോള്‍ തന്നെ ഉന്നതങ്ങളില്‍ അറിയുകയും അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം വിലങ്ങ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നുവെന്ന് പോലിസ്  ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് പിന്നാലെ പ്രതികള്‍ പരാതി എഴുതി നല്‍കുകയായിരുന്നു. സാധാരണ നിലയില്‍ കൊലക്കേസ് പ്രതികളെ കൈയാമം വച്ചാണ് കോടതിയില്‍ ഹാജരാക്കാറുള്ളതെന്നും ഈ സമയത്ത് അവരെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കാറില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2014 സപ്തംബര്‍ ഒന്നിന് ആര്‍എസ്എസ് നേതാവ് മനോജിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍  25 സിപിഎം പ്രവര്‍ത്തകരാണു പ്രതികള്‍. ഇതില്‍ ഒന്നാംപ്രതി വിക്രമന്‍ ഉള്‍പ്പെടെ 16 പേരാണു റിമാന്‍ഡില്‍ കഴിയുന്നത്.

RELATED STORIES

Share it
Top