കണ്‍സഷന്‍; ബസ്സുടമകള്‍ അമിതാവേശം കാട്ടരുത്- മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന ഒരുവിഭാഗം സ്വകാര്യ ബസ്സുടമകളുടെ തീരുമാനത്തിനെതിരേ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസ്സുടമകള്‍ അമിതാവേശം കാണിക്കേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വിഷയത്തില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ബസ്സുടമകളുടെ നിലപാട്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സഷന്‍ നിരക്ക് വര്‍ധിക്കണമെന്നാണ് ഒരുവിഭാഗം ബസ്സുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം സാധാരണ ടിക്കറ്റ് നിരക്ക് വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി. എന്നാല്‍, ഈ വാദത്തെ ഗതാഗതമന്ത്രി തള്ളി.
ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഇതുവരെയായി ബസ്സുടമകള്‍ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വിഷയത്തില്‍ ഇന്നു മന്ത്രിയെ കാണുമെന്ന് ഒരു വിഭാഗം ബസ്സുടമകള്‍ അറിയിച്ചു. തീരുമാനം ആയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം.
കണ്‍സഷന്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ തടയുന്നതടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് വിദ്യാര്‍ഥി സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top