കണ്‍ഫര്‍മേഷന്‍ നല്‍കിയില്ല രണ്ടരലക്ഷം പേര്‍ക്ക് അവസരം നഷ്ടമാവുമെന്ന് പിഎസ്‌സി

തിരുവനന്തപുരം: കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അടുത്ത മാസം 9നു നടക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നത് 20ന് അവസാനിക്കാനിരിക്കെ പരീക്ഷ എഴുതാമെന്നുള്ള അറിയിപ്പു നല്‍കിയ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ്. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുണ്ടെങ്കിലും 4.23 ലക്ഷം പേര്‍ മാത്രമാണ് ഇന്നലെ വരെ അറിയിപ്പു നല്‍കിയിരിക്കുന്നത്.
നിശ്ചിത തിയ്യതിക്കുള്ളില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ല. രണ്ടു കാറ്റഗറികളിലായി 11.98 ലക്ഷം പേരാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഒന്നിച്ച് അപേക്ഷ ക്ഷണിച്ചതിനാല്‍ ഒരേ ഉദ്യോഗാര്‍ഥി തന്നെ രണ്ട് കാറ്റഗറികളിലും അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ അപേക്ഷകരുടെ എണ്ണം ആറുലക്ഷത്തോളമാണ്.
പിആര്‍ഡിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്റ് എന്നിവയുടെ പരീക്ഷയും ഇതോടൊപ്പം നടക്കും. ഇതിലേക്ക് 70,000 ഓളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുള്ളതില്‍ രണ്ടരലക്ഷത്തോളം പേര്‍ ഇതുവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടില്ല.
കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്കു പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടമാവുമെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top