കണ്ണൂര്‍ സിറ്റിയും പരിസരവും ഇനി പോലിസിന്റെ കാമറക്കണ്ണുകളില്‍

കണ്ണൂര്‍: പൊതുജനങ്ങളുമായി സഹകരിച്ച് കണ്ണൂര്‍ സിറ്റിയിലും പരിസരത്തും സിറ്റി പോലിസ് 40 സിസിടിവി കാമറകള്‍ സജ്ജമാക്കി. ആയിക്കര ഹാര്‍ബര്‍, സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍, പ്രധാന നിരത്തുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണു കാമറകള്‍ സ്ഥാപിച്ചത്. കര്‍ശന നിരീക്ഷണത്തിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാവുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
സിറ്റി പ്രവാസി കൂട്ടായ്മ, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സിഐ കെ വി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം 13 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലയിലെ പോലിസ് മൊബൈല്‍ പട്രോളിങ് വാഹനങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ബോഡി കാമറകള്‍ എന്നിവ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.  പോലിസിന്റെ സംസാരവും ഇടപെടലുകളും കാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. മര്യാദ ശീലമില്ലാത്തവരെ മര്യാദ ശീലിപ്പിക്കാനും അവ ഉപകരിക്കും.സമൂഹസുരക്ഷ ഉറപ്പാക്കുന്നതില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജനമൈത്രി പോലിസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അധ്യക്ഷനായി. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍, കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ, ഡിവൈഎസ്പി പി പി സദാനന്ദന്‍, കൗണ്‍സിലര്‍ ടി ആശ, ടി കെ രത്‌നകുമാര്‍, കെ രാജേഷ്, യു പുഷ്പരാജ്, മുഹമ്മദ് കുഞ്ഞി, സിയാല്‍ വീട്ടില്‍ ഫസല്‍, കെ വി പ്രമോദന്‍ സംസാരിച്ചു.

RELATED STORIES

Share it
Top