കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 178 കോടിയുടെ വികസന പദ്ധതികള്‍കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല ആസൂത്രണ-വികസന വിഭാഗം തയ്യാറാക്കിയ 178 കോടി രൂപയുടെ വികസനപദ്ധതികളുടെ രൂപരേഖ പ്ലാനിങ് ബോര്‍ഡ് അംഗീകരിച്ചു. നിര്‍മാണ സംരഭങ്ങള്‍, അക്കാദമിക് വികസനം, കാംപസ് വികസനം, അധ്യാപക-അനധ്യാപക-വിദ്യാര്‍ഥിക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പത്തോളം വിഭാഗങ്ങളിലായി സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളാണ് 2022ല്‍ അവസാനിക്കുന്ന 13ാം പഞ്ചവല്‍സര പദ്ധതി ലക്ഷ്യമിടുന്നത്. നിലവിലുള്ള കോഴ്‌സുകളുടെ പുനസ്സംഘാടനവും പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശങ്ങളും പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തി. സ്ഥലപരിമിത മൂലം ഞെരുങ്ങുന്ന കാംപസുകളുടെ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. സര്‍വകലാശാലയുടെ സ്ഥാപിത ലക്ഷ്യമായ ഉത്തരമലബാറിന്റെ പ്രാദേശിക ചരിത്രപാരമ്പര്യത്തില്‍ ഊന്നിയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളോടൊപ്പം ഗവേഷകര്‍ക്ക് കൂടുതല്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്ന കാര്യവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സര്‍വകലാശാലയിലെ ഭരണനടപടികളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സാധ്യമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് പുറമെ പദ്ധതിവിഹിതമായും തുക ഉള്‍ക്കൊള്ളിച്ചു. സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയുടെയും ഇതര കാംപസ് ലൈബ്രറികളുടെയും വികസന നിര്‍ദേശങ്ങളും പദ്ധതിരേഖയായി പരിഗണിച്ചിട്ടുണ്ട്. അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അനുമതിയോടെ ജൂണ്‍ ആദ്യവാരം പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകലാശാല പ്ലാനിങ് ബോര്‍ഡ് യോഗത്തില്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ഡോ. ജെയിംസ് പോള്‍ കരടുരേഖ അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച സമീപനരേഖ അവലംബിച്ചാണ് പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. യോഗത്തില്‍ പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ്, പ്ലാനിങ് ബോര്‍ഡ് അംഗങ്ങളായ ഡോ. കെ ഗംഗാധരന്‍, കെ പി മുഹമ്മദലി, പി രാജീവ് സംസാരിച്ചു. പദ്ധതിരേഖയുടെ പ്രാഥമിക ചര്‍ച്ച വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം പ്രകാശന്‍, എ നിശാന്ത്, ഡോ. വി എ വില്‍സണ്‍ പങ്കെടുത്തു.

RELATED STORIES

Share it
Top