കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകരുടെ തിരക്കേറി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പരിസരത്ത് ഉല്‍സവാന്തരീക്ഷം. നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് കിയാല്‍ അധികൃതര്‍ അവസരമൊരുക്കിയതോടെ സന്ദര്‍ശകരുടെ തിരക്കേറി. ഉദ്ഘാടന തിയ്യതി കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിനേന ആയിരത്തോളം പേരാണ് എത്തുന്നത്. സ്വന്തം നാട്ടിലെ വിമാനത്താവളം കുടുംബസമേതം കാണാനെത്തുന്നവരും നിരവധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും പ്രത്യേക വാഹനങ്ങള്‍ ഒരുക്കിയാണ് വിമാനത്താവളം സന്ദര്‍ശിക്കാനെത്തുന്നത്.
പാര്‍ക്കിങ് ഏരിയയും സന്ദര്‍ശകരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവേശനമെങ്കിലും അതിരാവിലെ തന്നെ ഒട്ടേറെപ്പേര്‍ വിമാനത്താവള പരിസരത്ത് എത്താന്‍ തുടങ്ങിയിട്ടുണ്ട്. ജനത്തിരക്ക് മുതലാക്കാന്‍ ഐസ്‌ക്രീം, ബലൂണ്‍ കച്ചവടക്കാരും നിലയുറപ്പിച്ചതോടെ പ്രദേശത്ത് ഉല്‍സവപ്രതീതിയാണ്.
സന്ദര്‍ശത്തിതിരക്ക് ക്രമാതീതമായി ഉയര്‍ന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പിടിയിലാണ് മട്ടന്നൂര്‍ നഗരവും പരിസരപ്രദേശങ്ങളും. ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പലരും വാഹനക്കുരുക്കില്‍ പെട്ടതിനാല്‍ പദ്ധതിപ്രദേശം സന്ദര്‍ശിക്കാനാവാതെ നിരാശരായി മടങ്ങി.
കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് കൂടാതെ, കര്‍ണാടകയില്‍ നിന്നുപോലും വാഹനങ്ങളില്‍ ആള്‍ക്കാര്‍ മട്ടന്നൂരിലേക്ക് ഒഴുകുകയാണ്. മട്ടന്നൂര്‍-കണ്ണൂര്‍, തലശ്ശേരി-ഇരിട്ടി റോഡുകളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വിമാനത്താവള ടെര്‍മിനലിന്റെ പ്രധാനകവാടം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെനേരം അടച്ചിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്. കര്‍ശന നിരീക്ഷണവുമായി സിഐഎസ്എഫ് ജവാന്മാരും രംഗത്തുണ്ട്. ഈ മാസം 12 വരെയാണ് പൊതുജനങ്ങള്‍ക്ക് വിമാനത്താവളം സന്ദര്‍ശിക്കാനുള്ള അനുമതി.

RELATED STORIES

Share it
Top