കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് യാത്രാവിമാനം ഇറങ്ങും

മട്ടന്നൂര്‍: കണ്ണുര്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം ഇന്നിറങ്ങും. രാവിലെ 9.30നു റണ്‍വേയില്‍ ഇറങ്ങുന്ന എയര്‍ ഇന്ത്യയുടെ യാത്രാ വിമാനം റണ്‍വേയില്‍ ഇറക്കി പരിശോധന നടത്തി ഉടന്‍ തന്നെ പറന്നുയരും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കണ്ണൂരിലേക്ക് യാത്രാവിമാനം എത്തുന്നത്.
200 പേരെ കയറ്റാവുന്ന വിമാനമായിരിക്കും റണ്‍വേയില്‍ ഇറക്കി പരിശോധന നടത്തുക. മൂര്‍ഖന്‍പറമ്പ് വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തുന്ന വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തശേഷം പറന്നുയരുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം. റണ്‍വേയുടെ ലാന്‍ഡിങ് പരിശോധന നടത്തുന്നതിനാണ് വലിയ വിമാനം എത്തുന്നത്. കഴിഞ്ഞ മാസം 31ന് വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാനുള്ള സംവിധാനമായ ഐഎല്‍എസിന്റെ പരിശോധനക്ക് ചെറുവിമാനം പദ്ധതി പ്രദേശത്ത് ഇറങ്ങിയിരുന്നു. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കേണ്ട അന്തിമ പരിശോധന ഇന്നലെ പൂര്‍ത്തിയായി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ആണ് പരിശോധന നടത്തുന്നത്.
ആദ്യഘട്ടത്തില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ രേഖകളും മറ്റും പരിശോധിച്ചു. അടുത്ത ദിവസങ്ങളില്‍ റണ്‍വേ, എയര്‍ട്രാഫിക്, ടെര്‍മിനല്‍ തുടങ്ങിയവയുടെ പരിശോനയും നടത്തും.

RELATED STORIES

Share it
Top