കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാനക്കമ്പനിയില്‍ ജോലി, ആയിരങ്ങള്‍ ഒഴുകിയെത്തി; അഭിമുഖം പാതിവഴിയില്‍ നിര്‍ത്തി

കണ്ണൂര്‍: നിര്‍മാണം പൂര്‍ത്തിയാവുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാനകമ്പനിയില്‍ ജോലിക്കായി നടത്തിയ അഭിമുഖം പാതിവഴിയില്‍ നിര്‍ത്തിവച്ചു. വിമാനത്താവളത്തിലെ ജോലികള്‍ക്ക് ആളെയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്ന സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനാണ് അധികൃതരുടെ കണക്കുതെറ്റിച്ച് ആയിരക്കണക്കിനു പേരെത്തിയത്.
പുലര്‍ച്ചെ മൂന്നുമുതല്‍ താവക്കര മലബാര്‍ റസിഡന്‍സി ഹോട്ടലിനു മുന്നില്‍ യുവതീ-യുവാക്കളും വിരമിച്ച ഉദ്യോഗസ്ഥരും എത്തിത്തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അഭിമുഖ വിവരം അറിഞ്ഞാണ് എല്ലാവരുമെത്തിയത്. ചുട്ടുപൊള്ളുന്ന വെയില്‍ പോലും കാര്യമാക്കാതെ അഭിമുഖത്തിനെത്തിയവര്‍ റോഡിലേക്ക് ക്യൂ നിന്നു. മൂന്നു കിലോമീറ്ററിലേറെ ക്യൂ നീണ്ടു. ബിരുദമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചത്. ഇതുകൊണ്ടു തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000ത്തോളം പേരാണ് എത്തിയത്. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ നടപടി തുടങ്ങുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാവിലെ എട്ടിനുതന്നെ താവക്കര മലബാര്‍ റസിഡന്‍സിക്കു മുന്നില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് മേഖലയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ള തസ്തികയിലേക്കാണ് നിയമനം. എന്നാല്‍ ഒഴിവുകളുടെ എണ്ണം പരസ്യത്തിലോ വൈബ് സൈറ്റിലോ വ്യക്തമാക്കിയിരുന്നില്ല. അഭിമുഖ വിവരം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനാലാണ് ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ എത്തിയത്. ഇതു കാരണം പ്രദേശത്ത് അല്‍പനേരം സംഘര്‍ഷാവസ്ഥയുമുണ്ടായി. അഭിമുഖം നടക്കുന്ന ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ഉദ്യോഗര്‍ഥികള്‍ ഉന്തും തള്ളുമുണ്ടായി. ടൗണ്‍ പോലിസെത്തിയാണ് നിയന്ത്രിച്ചത്. പിന്നീട് അഭിമുഖം ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ബയോഡാറ്റ സ്വീകരിച്ച് പിന്നീട് വിവരം അറിയിക്കാമെന്നു പറഞ്ഞു വിട്ടയക്കുകയായിരുന്നു.

RELATED STORIES

Share it
Top