കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കു സാധ്യത

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ സുരക്ഷാ മേഖലയായ ഏപ്രണ്‍, റണ്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി കിയാല്‍. കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാക്കള്‍ വിമാനത്താവളത്തിലെ ഫയര്‍ എന്‍ജിനില്‍ കയറുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് അധികൃതര്‍ വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. വിമാനത്താവള പരീക്ഷണ പറക്കല്‍ നടക്കുമ്പോള്‍ പോലും മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മറ്റു ജനപ്രതിനിധികളെയും അവരുടെ വാഹനങ്ങളെയും പരിശോധന നടത്തിയാണു അകത്തേക്ക് പ്രവേശിപ്പിച്ചത്.
എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് വിമാനത്താവള സുരക്ഷാ മേഖലയില്‍ സൗകര്യം ചെയ്തുകൊടുത്തത്. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കിയാല്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും സാധ്യതയേറി. വിമാനത്താവളത്തിന് സന്ദര്‍ശനത്തിനുള്ള സമയം ഇന്ന് അവസാനിച്ചാല്‍ ഇനിയുള്ള ദിവസങ്ങളില്‍ യാതൊരുവിധത്തിലുള്ള പൊതുജന സന്ദര്‍ശനവും നടത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top