കണ്ണൂര്‍ വിമാനത്താവളം സപ്തംബറില്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സപ്തംബറില്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിമാന കമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ചില ചട്ടങ്ങളാണ് കണ്ണൂരില്‍ നിന്ന് വിദേശ വിമാന സര്‍വീസ് ആരംഭിക്കുന്നതിനു തടസ്സമായിരുന്നത്. കേന്ദ്രമന്ത്രിയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചയില്‍ ഈ തടസ്സം നീക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിലവിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തും. പോര്‍ട്ട് ഓഫ് കോള്‍ ആയി പ്രഖ്യാപിച്ചാണ് തടസ്സങ്ങള്‍ നീക്കുക. പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും പിണറായി പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നു മുഖ്യമന്ത്രി അറിയിച്ചു. ഈ വിമാനത്താവളങ്ങളുടെ വികസന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഉടനെ കേരളത്തിലെത്തും. വിമാനത്താവള വികസനത്തിനു ഭൂമി ആവശ്യമാണ്. കേരളത്തിന്റെ പ്രത്യേകതയും ഭൂമിയുടെ ദൗര്‍ലഭ്യവും കണക്കിലെടുത്ത് ഭൂമിയുടെ കാര്യത്തില്‍ ഇളവു നല്‍കുന്ന കാര്യം പരിശോധിക്കുമെന്നു കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനായി വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ ഇരു വിമാനത്താവളങ്ങളിലും സന്ദര്‍ശനം നടത്തും.
ഇതോടൊപ്പം വിഴിഞ്ഞം തുറമുഖ പദ്ധതി 2020ഓടെ പൂര്‍ത്തിയാക്കും. തീരദേശ-മലയോര ഹൈവേകളും സംസ്ഥാനത്ത് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും പിണറായി പറഞ്ഞു. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വികസനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ രണ്ടു വര്‍ഷത്തിനിടയില്‍ വിവിധ മേഖലകളില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ സംസ്ഥാനത്തിനു സാധിച്ചുവെന്നും പിണറായി പറഞ്ഞു.
അടച്ചുപൂട്ടാന്‍ തീരുമാനിച്ച പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കാസര്‍കോട് ബിഎച്ച്ഇഎല്ലിന്റെ കാര്യത്തിലും ഈ നിലപാടാണുള്ളത്. എച്ച്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെയും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top