കണ്ണൂര്‍ വിമാനത്താവളം; റണ്‍വേ 4000 മീറ്ററാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി പദ്ധതിയില്‍ വിഭാവനം ചെയ്തപോലെ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്നു ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്. വിമാനത്താവളം പാതിവഴിയില്‍ ഉദ്ഘാടനം ചെയ്താല്‍ വികസനത്തിനു തടസ്സമാവുമെന്നും ഉദ്ഘാടനത്തെ എതിര്‍ക്കുകയല്ല മറിച്ച് ധൃതിപിടിച്ചുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പി പി ദിവ്യ പറഞ്ഞു. റണ്‍വേ 4000 മീറ്ററാക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ പോലും ഇതുവരെ നടന്നിട്ടില്ല. അതിനു മുമ്പ് തന്നെ പരീക്ഷണ പറക്കലും ഉദ്ഘാടനവും നടത്തുന്നത് ദീര്‍ഘകാല ലക്ഷ്യത്തിനു തടസ്സമാവുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണു പ്രമേയം അവതരിപ്പിച്ചതെന്നു പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. അമ്പായത്തോടില്‍ നിന്നു വയനാട് ജില്ലയിലെ 44ാം മൈലിലേക്ക് വനത്തില്‍ കൂടി റോഡ് നിര്‍മിക്കാന്‍ സണ്ണി മേച്ചേരി നല്‍കിയ പ്രമേയം യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. കയറ്റമോ ചുരങ്ങളോ ഇല്ലാതെ കുറഞ്ഞ ദൂരത്തില്‍ വയനാട് ജില്ലയില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. വനമേഖലയിലൂടെയും പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും കടന്നുപോവുന്ന റോഡിന് അനുമതി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. എങ്കിലും റോഡിനായി സര്‍ക്കാറിനെ സമീപിക്കും. ഇതിനുപുറമെ നിലവിലുള്ള റോഡുകള്‍ പാച്ച്‌വര്‍ക്ക് ചെയ്ത് ഗതാഗതം സുഗമമാക്കുമെന്ന ഭേദഗതിയോടെയാണ് പ്രമേയം അംഗീകരിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സുമേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല സംസാരിച്ചു.

RELATED STORIES

Share it
Top