കണ്ണൂര്‍ വിമാനത്താവളം: റഡാര്‍ പരിശോധനാ പരീക്ഷണപ്പറക്കല്‍ ഇന്ന്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവാന്‍ ഒരു ചുവടുകൂടി. റഡാര്‍ സംവിധാനത്തിന്റെ കാര്യക്ഷമതാ പരിശോധനയ്ക്കായി പരീക്ഷണവിമാനം ഇന്ന് വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനി റേഞ്ച് (ഡിവിഒആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമമാക്കും.
എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡ്രോണിയര്‍ വിമാനമാണ് പരിശോധനയുടെ ഭാഗമായി ആകാശത്ത് വട്ടമിട്ട് പറക്കുക. നാവിഗേഷന്‍ ടെസ്റ്റിന് ശേഷം വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അതോറ്റി  അംഗീകാരം നല്‍കും. പദ്ധതിപ്രദേശത്ത് സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനവും പരിശോധിക്കും. ഒന്നര കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇതു സ്ഥാപിച്ചത്. ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘമാണ് ഡ്രോണിയര്‍ വിമാനത്തിലുണ്ടാവുക. വിമാനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചും പരിശോധന നടത്തും. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വ്യോമയാന വകുപ്പിന്റെ അനുബന്ധ ലൈസന്‍സുകളും വൈകാതെ ലഭിക്കും.
നാവിഗേഷന്‍ നടപടികള്‍ ഇതിനകം കിയാല്‍ പൂര്‍ത്തീകരിച്ചു. റണ്‍വേയില്‍ വിമാന ഇറക്കുന്നതിനുള്ള പരീക്ഷണ പറക്കല്‍ ഒരുവര്‍ഷം മുമ്പ് പദ്ധതിപ്രദേശത്ത് നടത്തിയിരുന്നു. മാര്‍ച്ച് അവസാനത്തോടെ വിമാനത്താവളം പുര്‍ണ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

RELATED STORIES

Share it
Top