കണ്ണൂര്‍ വിമാനത്താവളം: റണ്‍വേയ്ക്കുള്ള അഞ്ചാംഘട്ട ഭൂമി ഏറ്റെടുക്കല്‍ സര്‍വേ തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളപദ്ധതി റണ്‍വേ നിര്‍മാണം പുരോഗമിക്കുന്നതിനിടെ അഞ്ചാംഘട്ട ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേനടപടികള്‍ തുടങ്ങി. അഞ്ചാംഘട്ടത്തില്‍ 250 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കാനാട്, നല്ലാണി, പനയത്താംപറമ്പ് ഭാഗങ്ങളില്‍നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. 170ലേറെ വീടുകള്‍ ഈ ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടിവരും. മട്ടന്നൂരിലെ വിമാനത്താവളഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തഹസില്‍ദാര്‍ ഓഫിസിലെ സര്‍വേയര്‍മാര്‍ ഇതുസംബന്ധിച്ച് ഭൂമി അളന്ന് തിട്ടപ്പെടുത്തിത്തുടങ്ങി. കാനാട് പ്രദേശത്തുള്ള കാര്‍ഷികഭൂമി ഉള്‍പ്പെടുന്ന പ്രദേശമാണ് വിമാനത്താവളത്തിനായി ഈ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്. അഞ്ചരക്കണ്ടിയില്‍നിന്നും വിമാനത്താവള റണ്‍വേ പ്രദേശത്തേക്ക് പുതിയ വഴി തുറന്നാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നടക്കുന്നത്. 2015ല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചപ്പോള്‍ ഈ ഭാഗത്തുള്ള ഭൂവുടമകളുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കാനാട് കേന്ദ്രമായി ഇതിനെതിരേ കര്‍മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കലക്ടറുമായി ഭൂവുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ നഷ്ടപരിഹാരത്തുക സംബന്ധിച്ച ധാരണയില്‍ എത്തുകായിരുന്നു. തുടര്‍ന്നാണ് സര്‍വേനടപടി തുടങ്ങിയത്.

RELATED STORIES

Share it
Top