കണ്ണൂര്‍ വിമാനത്താവളം: പ്രവേശനത്തിനു കര്‍ശന നിരോധനം

മട്ടന്നൂര്‍: ഉദ്ഘാടന തിയ്യതി നിശ്ചയിച്ച സാഹചര്യത്തില്‍ അടിയന്തരമായി ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചു. ലൈസന്‍സ് ലഭിച്ച വിമാനത്താവളത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണമുണ്ട്. ഇതുകൂടി കണക്കിലെടുത്താണു സന്ദര്‍ശന വിലക്കെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍(എന്‍ജിനി യര്‍) കെ പി ജോസ് അറിയിച്ചു.
രണ്ടു മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായി മൂന്നു ലക്ഷത്തിലേറെ പേരാണു വിമാനത്താവളത്തിലെത്തിയത്. ഇന്നലെ ഓഹരി ഉടമകള്‍ക്കു മാത്രമായിരുന്നു സന്ദര്‍ശനാനുമതി. പ്ലാസ്റ്റിക്കും ഭക്ഷ്യവസ്തുക്കളും കൊണ്ടുവരരുതെന്നും അവ വിമാനത്തവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യം പലയിടത്തായി ചിതറിക്കിടക്കുകയാണ്.
ഇത് ശുചീകരിക്കുക ഇനി പ്രധാന ജോലിയാണ്. പ്രവര്‍ത്തനം തുടങ്ങിയാല്‍ വിമാനത്താവളത്തില്‍ എന്തൊക്കെ നടക്കുന്നോ അതെല്ലാം അടുത്ത ദിവസങ്ങളില്‍ പരിശീലനത്തിന്റെ ഭാഗമായി വിമാനത്താവള ജീവനക്കാര്‍ ചെയ്യും. ബോര്‍ഡിങ് പാസ് നല്‍കുന്നതും ടാഗ് പതിപ്പിക്കുന്നതും ഇന്‍ലൈന്‍ എക്‌സ്‌റേ വഴി ബാഗേജുകള്‍ സ്‌കാന്‍ ചെയ്യുന്നതും സുരക്ഷാ പരിശോധനകള്‍ നടത്തുന്നതും തുടങ്ങി വിമാനത്തില്‍ കയറുന്നതുവരെയുള്ള കാര്യങ്ങളെല്ലാം പലതവണ ചെയ്തു പിഴവുകളില്ലെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം.

RELATED STORIES

Share it
Top