കണ്ണൂര്‍ വിമാനത്താവളം: ഡിജിസിഎ പരിശോധന തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കുന്നതിന്റെ ഭാഗമായുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് കണ്ണൂരിലെത്തിയ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ 10.50ഓടെയാണു പരിശോധനയ്ക്കു തുടക്കംകുറിച്ചത്. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി വിലയിരുത്തി. ഇവര്‍ നല്‍കുന്ന റിപോര്‍ട്ട് പ്രകാരമാണു വിമാനത്താവളത്തിനു വ്യോമയാന മന്ത്രാലയം ലൈസന്‍സ് നല്‍കുക. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്നു സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പുനല്‍കിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്താനം സമ്പത്ത്, ഡല്‍ഹിയില്‍ നിന്നുള്ള ഡിജിസിഎ അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍കുമാര്‍ എന്നിവര്‍ പരിശോധന പൂര്‍ത്തിയാക്കി നാളെ മടങ്ങും. കേരളപ്പിറവി ദിനത്തില്‍ ഉദ്ഘാടനം നടത്തി ശിശുദിനത്തില്‍ സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിലാണു കിയാല്‍ അധികൃതര്‍.

RELATED STORIES

Share it
Top