കണ്ണൂര്‍ വിമാനത്താവളം: ഗള്‍ഫ് സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി

മട്ടന്നൂര്‍: ഗള്‍ഫ് മലയാളികളുടെ ഏറെക്കാലത്തെ സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആയിരക്കണക്കിന് ഗള്‍ഫ് മലയാളികളുടെ ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത്. കണ്ണുര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദബിയിലേക്കും ദമാമ്മിലേക്കും വിമാന സര്‍വീസുകള്‍ക്ക് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു. ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
കണ്ണൂര്‍-ദോഹ റൂട്ടില്‍ ഇന്‍ഡിഗോയും കണ്ണൂര്‍-അബൂദബി, കണ്ണൂര്‍-മസ്‌കത്ത്, കണ്ണുര്‍-റിയാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും സര്‍വീസ് നടത്താന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. ഉടന്‍ തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനു അനുമതി നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാന്‍ കണ്ണുര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തിന്‍ ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂ.
വിദേശ കമ്പനിയായ എമിറേറ്റസ്, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ് എന്നീ കമ്പനികള്‍ കണ്ണുരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് സര്‍വീസ് ആരംഭിക്കുന്നതോടെ കണ്ണുര്‍, കാസര്‍കോട് ജില്ലയിലെയും കോഴിക്കോട് ജില്ലയില്‍പെട്ട വടകര, പേരാമ്പ്ര, വയനാട് ജില്ലയിലെ മാനന്തവാടി, കര്‍ണാടകത്തിലെ മടിക്കേരി, വീരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ഗള്‍ഫ് മലയാളികള്‍ക്ക് എളുപ്പത്തില്‍ കണ്ണുര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന് യാത്ര ചെയ്യാനാവും. ഇപ്പോള്‍ ഭൂരിഭാഗം ഗള്‍ഫ് മലയാളികളും ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. കണ്ണുരില്‍ നിന്ന് റോഡ് മാര്‍ഗം മുന്നര മണിക്കുര്‍ യാത്ര ചെയ്തു വേണം കരിപ്പൂരിലെത്താന്‍.
കണ്ണുര്‍ വിമാനത്താവളം യഥാര്‍ഥ്യമാവുന്നതോടെ കണ്ണുരില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്താല്‍ വിമാനത്താവളത്തിലെത്താം. മറ്റു പ്രദേശങ്ങളിലു ള്ളവര്‍ക്കും സമയത്തിന്റെയും മറ്റും കാര്യത്തിലും കണ്ണൂര്‍ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും. സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂര്‍. 3050 മീറ്റര്‍ റണ്‍വേയില്‍ 4000 മീറ്റര്‍ ആക്കി മാറ്റുന്നതോടെ എതു വലിയ വിമാനവും കണ്ണുരില്‍ ഇറക്കാനാവും വിധത്തിലാണ് റണ്‍വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റംസ്, എമിഗ്രേഷന്‍ സംവിധാനങ്ങളെല്ലാം വരുന്നതോടെ ഏളുപ്പത്തില്‍ വിമാനത്താവളത്തില്‍ പോവാനും തിരിച്ച് വരാനും കഴിയും.
ഇതിനു പുറമെ വിശാലമായ ടാക്‌സി പാര്‍ക്കിങ്, വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടി ഫീ ഷോപ്പ്, വിവിധ വിമാന കമ്പനികളുടെ കൗണ്ടറുകള്‍, കോപ്പി ഷോപ്പ്, യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍ എന്നിവയും ഉണ്ടാവും. അടുത്ത മാസം അവസാനത്തോടെ സിഐഎസ്എഫുകാരെത്തി വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കും. 634 പേരാണ് സുരക്ഷ ചുമതലയുടെ ഭാഗമായി പദ്ധതി പ്രദേശത്ത് എത്തുന്നത്.
ഇതില്‍ ആദ്യഘട്ടം എന്ന നിലയില്‍ പകുതിയോളം സിഐഎസ്എഫ് ആഗസ്ത് മാസം അവസാനത്തോടെ സുരക്ഷ ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ തന്ത്രപ്രധാന മേഖലകളിലും എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാക്കും. അടുത്ത ദിവസം തന്നെ വിമാനത്താവളത്തിന് ലൈസന്‍സ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവള കമ്പനി എംഡി വി തുളസീദാസ് ഏവിയേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി അന്തിമ പരിശോധന അടുത്ത മാസം നടത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top