കണ്ണൂര്‍ വിമാനത്താവളം: എയ്‌റോ ബ്രിഡ്ജുകള്‍ നടാലില്‍ എത്തിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ സജ്ജീകരിക്കുന്ന മൂന്നാമത്തെ എയ്‌റോബ്രിഡ്ജ് നാളെ വിമാനത്താവള പദ്ധതിപ്രദേശത്ത് എത്തിക്കും. മെയ് 7ന് ചെന്നൈയില്‍നിന്ന് കൂറ്റന്‍ കണ്ടെയ്‌നറില്‍ പുറപ്പെട്ട മൂന്ന് എയ്‌റോ ബ്രിഡ്ജുകളില്‍ മൂന്നാമത്തെ എണ്ണം ഇക്കഴിഞ്ഞ 25ന് രാവിലെ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നടാല്‍ ബൈപാസില്‍ എത്തിച്ചു. റോഡിലെ വാഹനക്കുരുക്കും കണ്ടെയ്‌നര്‍ ലോറിയുടെ നീളവും കാരണം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയില്‍ ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ മാഹിയിലെത്തിയ കണ്ടെയ്‌നര്‍ ടാഗൂര്‍ പാര്‍ക്കിനടുത്ത സ്റ്റാച്യുവില്‍ കുടുങ്ങിയതില്‍ ഇവിടെയാണ് ആദ്യം ഗതാഗതതടസ്സം ഉണ്ടായത്. വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഒപ്പമുണ്ടായിരുന്ന എസ്‌കലേറ്റര്‍ ഉപയോഗിച്ച് രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ റോഡരികിലെ മതിലും നഗരസഭയുടെ കൈവരിയും പൊളിച്ചുമാറ്റി. തുടര്‍ന്നാണ് വണ്ടികള്‍ പ്രയാണമാരംഭിച്ചത്. ഒരു കണ്ടെയ്‌നര്‍ കുടുങ്ങിയത് കാരണം മറ്റു കണ്ടെയ്‌നറുകള്‍ റോഡില്‍ തന്നെ നിര്‍ത്തിയിട്ടു. ഇതും രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. കെഎസ്ഇബിയുടെയും പോലിസിന്റെയും സമയോചിത ഇടപെടല്‍ മൂലമാണ് കണ്ടെയ്‌നറുകള്‍ക്ക് കൂടുതല്‍ തടസ്സമില്ലാതെ നീങ്ങാന്‍ കഴിഞ്ഞത്.
എയ്‌റോ ബ്രിഡ്ജ് വൈദ്യുതിലൈനില്‍ തട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കെഎസ്ഇബി ജീവനക്കാര്‍ ലൈന്‍ അഴിക്കുകയും കണ്ടെയ്‌നര്‍ കടന്നുപോയ ശേഷം പുനസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. മാഹി മുതല്‍ നടാല്‍ ബൈപാസ് വരെ പോലിസും ഫയര്‍ഫോഴ്‌സും നിയന്ത്രണവുമായി അനുഗമിച്ചു. മേലെചൊവ്വ വഴിയാണ് മട്ടന്നൂരിലേക്ക് എയ്‌റോ ബ്രിഡ്ജുകള്‍ എത്തിക്കുക. നിലവില്‍ വിമാനത്താവളത്തില്‍ ആറ് എയ്‌റോ ബ്രിഡ്ജുകള്‍ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. മാസങ്ങള്‍ക്കു മുമ്പ് മൂന്നെണ്ണം
വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ആദ്യം കൊച്ചിയിലും പിന്നീട് അഴീക്കല്‍ തുറമുഖത്തും എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് കൊണ്ടുവന്നത്. അഴീക്കല്‍ തുറമുഖം വഴി വലിയ യന്ത്രസാമഗ്രികള്‍ എത്തിക്കുന്നത് പ്രയാസമാണെന്ന കാരണത്താലാണ് എയ്‌റോ ബ്രിഡ്ജുകള്‍ ചെന്നൈ തുറമുഖം വഴി റോഡ് മാര്‍ഗം എത്തിക്കാന്‍ തീരുമാനിച്ചത്.
നിലവില്‍ 20 വിമാനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം മട്ടന്നൂര്‍ വിമാനത്താവളത്തിലുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍നിന്ന് നേരിട്ട് വിമാനത്തിലേക്ക് എത്താനും തിരിച്ചുവരുന്നവര്‍ക്ക് എമിഗ്രേഷന്‍ സ്ഥലത്ത് എത്തിച്ചേരാനും കഴിയുംവിധമാണ് എയ്‌റോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുക.

RELATED STORIES

Share it
Top