കണ്ണൂര്‍ വിമാനത്താവളം: ആദ്യം കുടിയൊഴിഞ്ഞ കുടുംബത്തിന് സര്‍ക്കാര്‍ അവഗണന

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി ആദ്യമായി കുടിയൊഴിഞ്ഞ കുടുംബം സര്‍ക്കാര്‍ അവഗണന കാരണം ദുരിതത്തില്‍. ഒന്നാംഘട്ട സ്ഥലമെടുപ്പില്‍ വീടും പറമ്പും നഷ്ടപ്പെട്ട് ഇപ്പോള്‍ വെള്ളിയാംപറമ്പില്‍ താമസിക്കുന്ന എന്‍ സി രാമചന്ദ്രനും കുടുംബവുമാണ് ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്കു മെച്ചപ്പെട്ട നഷ്ടപരിഹാരമോ പുനരധിവാസ സൗകര്യമോ നല്‍കിയില്ല. ഒന്നാംഘട്ട സ്ഥലമെടുപ്പില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് കുടുംബത്തെ അവഗണിച്ചത്.
രണ്ടാംഘട്ട സ്ഥലമെടുപ്പില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും മികച്ച വിലയും വീട് വയ്ക്കാന്‍ 10 സെന്റ് വീതം ഭൂമി സൗജന്യമായി നല്‍കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തില്‍ ഒരാള്‍ക്കു വീതം വിമാനത്താവളത്തില്‍ ജോലി നല്‍കാനുള്ള നടപടിയും പുരോഗമിക്കുന്നു. വന്‍ വികസന പദ്ധതിക്ക് ആദ്യമായി വീടും പറമ്പും വിട്ടുനല്‍കേണ്ടി വന്ന രാമചന്ദ്രനും കുടുംബവും പലതവണ സര്‍ക്കാറില്‍ അപേക്ഷ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. വിമാനത്താവളത്തിനു മൂന്നാംഘട്ട സ്ഥലമെടുപ്പില്‍ സെന്റിന് 8.80 ലക്ഷം രൂപ വില നല്‍കുമ്പോള്‍ ഒന്നാംഘട്ടത്തില്‍ സ്ഥലം നല്‍കിയ രാമചന്ദ്രനു ലഭിച്ചത് സെന്റിനു രണ്ടായിരം രൂപയാണ്.
ഓടിട്ട ഇരുനില വീടിനു ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രം. രണ്ടാംഘട്ടത്തില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി സെന്റിന് 60000 രൂപ വരെ വില കണക്കാക്കുകയുണ്ടായി. ഇതുപ്രകാരം ഭൂഉടമകള്‍ക്കു വന്‍ തുക ലഭിച്ചപ്പോള്‍ രാമചന്ദ്രന്‍ നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു. ഒന്നാംഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 192 ഏക്കര്‍ ഭൂമിയില്‍ ആള്‍താമസമുള്ള വീട് രാമചന്ദ്രന്റേത് മാത്രമായിരുന്നു. ബാക്കി സ്ഥലം തോട്ടങ്ങളാണ്. രണ്ടും മൂന്നും ഘട്ട സ്ഥലമെടുപ്പില്‍ ഭൂ ഉടമകള്‍ക്കു മെച്ചപ്പെട്ട തുകയും വീടിനു സ്ഥലവും നല്‍കി. കുടിയൊഴിഞ്ഞപ്പോള്‍ പുനരധിവാസ സൗകര്യം ലഭിക്കാത്തതിനാല്‍ പ്രായമേറിയ മാതാപിതാക്കളെയും കൊണ്ട് കുറേക്കാലം വാടകവീട്ടില്‍ കഴിയേണ്ടിവന്നു.
അസുഖം ബാധിച്ച് പിതാവും മാതാവും മരണപ്പെട്ടു. ഇപ്പോള്‍ വെള്ളിയാംപറമ്പില്‍ വിലയ്ക്കു വാങ്ങിയ പഴയ വീട്ടിലാണ് താമസം. ഓട്ടോ ്രൈഡവറായിരുന്ന രാമചന്ദ്ര ന്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ ചികില്‍സയ്ക്കു ശേഷം തൊഴിലെടുക്കാന്‍ കഴിയാതെ വിഷമിക്കുകയുമാണ്. ഇനി സര്‍ക്കാറില്‍ നിന്നു പ്രത്യേകം ഉത്തരവ് ഉണ്ടായാല്‍ മാത്രമേ സ്ഥലമെടുപ്പ് പാക്കേജ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളൂവെന്നാണ് ലാന്‍ഡ് അക്വിസിഷന്‍ അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top