കണ്ണൂര്‍ ലോബിക്കു ചാരിതാര്‍ഥ്യം; കരുത്തായത് താത്വിക പ്രതിരോധം

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദനെ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ ശക്തിയുള്ള കണ്ണൂരിനത് വിലമതിക്കാനാവാത്ത നേട്ടമായി. 91 അംഗ കേന്ദ്രകമ്മിറ്റിയിലേക്കാണ് സംസ്ഥാനത്തെ തന്നെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ താത്വികമായി പ്രതിരോധിക്കുന്ന എം വി ഗോവിന്ദനെ തിരഞ്ഞെടുത്തത്.
ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെഎസ്‌വൈഎഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം വി ഗോവിന്ദന്‍ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരിക്കെ കാസര്‍കോട് ഏരിയ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1991ല്‍ കോഴിക്കോട്ട് നടന്ന സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സമിതംഗമായത്. 2006ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന ഗോവിന്ദന്‍ രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു. 2002 മുതല്‍ 2006 വരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പിന്നീട് എറണാകുളം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഉത്തരവാദിത്തങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച 65 കാരനായ ഗോവിന്ദന്‍ മികച്ച സംഘാടകനും പ്രഭാഷകനും സൈദ്ധാന്തികനുമാണ്. നിലവില്‍ ദേശാഭിമാനി ചീഫ് എഡിറ്ററാണ്, രണ്ട് തവണ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആന്തൂര്‍ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയാണ് ഭാര്യ. മക്കള്‍: ശ്യാം ജിത്ത്, രംഗീത്. മൊറാഴയിലെ പരേതനായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനാണ്.
പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കപ്പെടുന്ന സാഹചര്യങ്ങളിലാണ് എം വി ഗോവിന്ദന്റെ പേര് പരാമര്‍ശിക്കപ്പെടാറുള്ളത്. പാര്‍ട്ടി നയങ്ങള്‍ താത്വികമായി അവതരിപ്പിക്കുന്നതില്‍ അപാരകഴിവുള്ള ഇദ്ദേഹം ഏറ്റവുമൊടുവില്‍ കീഴാറ്റൂരിലെ വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മാണത്തെ എതിര്‍ത്തുള്ള പാര്‍ട്ടി നയത്തെ തന്‍മയത്തത്തോടെ അവതരിപ്പിക്കുന്നതിലും ഏകദേശം വിജയിച്ചിട്ടുണ്ട്.
വികസനം, സമാധാനം എന്ന പ്രമേയത്തില്‍ സിപിഎം നടത്തിയ മേഖലാ ജാഥകളുടെ മുഖ്യ സംഘാടകനും എം വി ഗോവിന്ദന്‍ തന്നെയാണ്. പിണറായി വിജയനും പി ജയരാജനും ഉള്‍പ്പെടുന്ന, എതിരാളികള്‍ കണ്ണൂര്‍ ലോബിയെന്നു വിശേഷിപ്പിക്കുന്ന കണ്ണൂരിലെ സിപിഎമ്മിനും ഗോവിന്ദന്‍ മാഷിന്റെ സിസി പ്രവേശനം കരുത്തേകും. രാഷ്ടീയ അടവ് നയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കാരാട്ട് പക്ഷത്തോടൊപ്പം നിലയുറപ്പിച്ച കേരള ഘടകത്തിലെ പ്രധാനിയാണ് എം വി ഗോവിന്ദന്‍.
ബിജെപിക്കെതിരേകോണ്‍ഗ്രസുമായി ധാരണയാവാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശത്തോടെ എതിര്‍പ്പുള്ളവരോടൊപ്പമാണ് എം വി ഗോവിന്ദനും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി എംപി, മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്ക് പുറമെ എം വി ഗോവിന്ദന്റെ കൂടി സ്ഥാന ലബ്്ധി കണ്ണൂര്‍ സഖാക്കള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവര്‍ക്കു പുറമെ എം വി ജയരാജന്‍, പി ജയരാജന്‍, കെ പി സഹദേവന്‍, ഡോ. വി ശിവദാസന്‍, ടി വി രാജേഷ് എംഎല്‍എ, എ എന്‍ ഷംസീര്‍ എംഎല്‍എ, ജെയിംസ് മാത്യു എംഎല്‍എ, എം പ്രകാശന്‍, എം സുരേന്ദ്രന്‍, ടി കെ ഗോവിന്ദന്‍, പി ഹരീന്ദ്രന്‍, ടി ഐ മധുസൂദനന്‍, എന്‍ ചന്ദ്രന്‍, ടി കൃഷ്ണന്‍, കാരായി രാജന്‍ തുടങ്ങിയവരാണ് ഹൈദരാബാദില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിലെ കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍.

RELATED STORIES

Share it
Top