കണ്ണൂര്‍ റേഞ്ച് സ്‌ക്വാഡ് പരിശോധന നടത്തി

നാദാപുരം: നാദാപുരം ആവോലം അയ്യപ്പ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം ഐഇഡി ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ബോംബ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവും പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെ നാദാപുരത്തെത്തിയ സംഘം നാദാപുരം ഡിവൈഎസ്പി വി കെ രാജുവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡുമായി ചര്‍ച്ചകള്‍ നടത്തുകയും ഐഇഡി ബോംബ് പരിശോധിക്കുകയും ചെയ്തു.
ബോംബ് കണ്ടെത്തിയ ആവോലം ക്ഷേത്രത്തിന് മുന്നിലും പരിശോധനകള്‍ നടത്തി. റോഡ് വഴി വാഹനങ്ങള്‍ കടന്ന് പോവുമ്പോള്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദത്തില്‍ സ്‌ഫോടനം ഉണ്ടാവുന്ന വിധത്തിലാണ് ബോംബ് നിര്‍മിച്ചതെന്ന് സ്‌ക്വാഡ്  അംഗങ്ങള്‍ പറഞ്ഞു. ടൈമര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കണക്ഷന്‍ നല്‍കിയിരുന്നില്ല. ഇത്തരത്തിലുള്ള ഐഇഡി ബോംബ് കണ്ണൂര്‍ റേഞ്ചിന് കീഴിലും കേരളത്തിലും ആദ്യമായാണ് കണ്ടെത്തുന്നത്.
അതുകൊണ്ട് തന്നെ പോലിസ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നാദാപുരത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
റേഞ്ച് ബോംബ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍, എസ്‌ഐ സക്കീര്‍, എ എസ്‌ഐ രാഗേഷ്, സ്‌ക്വാഡ് അംഗങ്ങളായ സുധീര്‍,  മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് നാദാപുരത്തെത്തിയത്.

RELATED STORIES

Share it
Top