കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മെഡിക്കല്‍ ബൂത്ത് സ്ഥാപിക്കുന്നുസ്വന്തം പ്രതിനിധി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിയന്തര മെഡിക്കല്‍ സര്‍വീസ് ബൂത്ത് (ഇഎംഎസ്ബി) സ്ഥാപിക്കുന്നു. ദേശീയ ആരോഗ്യ മിഷന്റെ (എന്‍എച്ച്എം) സഹായത്തോടെയാണ് ട്രെയിന്‍ യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന പദ്ധതിക്ക് രൂപംനല്‍കിയത്. പാലക്കാട് ഡിവിഷനു കീഴില്‍ കണ്ണൂരിനു പുറമെ കോഴിക്കോട്, മംഗളൂരു സെന്‍ട്രല്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ദേശീയ ആരോഗ്യ മിഷന്റെയും വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെയും സഹായത്തോടെയാണ് മെഡിക്കല്‍ ബൂത്ത് പ്രവര്‍ത്തിക്കുക. 2017 ജൂലൈയില്‍ സമര്‍പ്പിച്ച പദ്ധതിക്ക് റെയില്‍വേ പാലക്കാട് ഡിവിഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാന കവാടത്തിന്റെ വിഐപി ലോഞ്ചിനു സമീപമാണ് മെഡിക്കല്‍ സര്‍വീസ് ബൂത്ത് പ്രവര്‍ത്തിക്കുക. കോഴിക്കോട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്ററിനു സമീപവും സജ്ജീകരിക്കും. മെഡിക്കല്‍ ബൂത്തില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ മുഴുസമയ സാന്നിധ്യമുണ്ടാവും. അടിയന്തര ആവശ്യങ്ങള്‍ നേരിടാന്‍ പ്രഥമ ശുശ്രൂഷയും ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യും. സ്ഥിതിഗതികള്‍ക്ക് അനുസൃതമായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷനു എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ലുബ്‌നാത് ഷാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തും. കോഴിക്കോട്ട് ആംബുലന്‍സ് സേവനം സാധാരണ രീതിയില്‍ ക്രമീകരിക്കാനാണു നിര്‍ദേശം. ബൂത്തുകളില്‍ നിന്ന് സൗജന്യമായി അടിയന്തര ചികില്‍സാ സഹായം നല്‍കാന്‍ റെയില്‍വേ ജീവനക്കാരും സഹകരിക്കും. ആരോഗ്യാവസ്ഥ വീണ്ടെടുക്കാത്ത പക്ഷംരോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലോ സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റാന്‍ ബൂത്തിലെ ജീവനക്കാരും റെയില്‍വേ ജീവനക്കാരും സഹകരിക്കും. പാലക്കാട് ഡിവിഷനില്‍ ആദ്യമായാണ് റെയില്‍വേ സ്‌റ്റേഷനില്‍ മെഡിക്കല്‍ ബൂത്ത് അവതരിപ്പിക്കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംഎസ് ലുബ്‌നാത് ഷാ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സഹായത്തോടെ ആംബുലന്‍സ് സര്‍വീസ് പരിചയപ്പെടുത്തല്‍ പരിപാടി നടത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ സേവനം വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയതിനാലാണ് സര്‍വീസ് ബൂത്ത് തന്നെ സജ്ജീകരിക്കാന്‍ തീരുമാനിച്ചത്. ആവശ്യമുള്ള യാത്രക്കാരെ സഹായിക്കാന്‍ സ്റ്റേഷന്‍ അധികൃതര്‍ക്കും റെയില്‍വേ പോലിസിനും സൗകര്യം ഉപയോഗിക്കാം. ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ വഴിയാണ് ആംബുലന്‍സുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടത്. സ്റ്റേഷനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും അടിയന്തര ഘട്ടത്തില്‍ സേവനം നല്‍കാമെന്നത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹമാണ്. അതേസമയം, ഷൊര്‍ണൂര്‍ ജങ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കാന്‍ ഏജന്‍സികളെ തേടുകയാണ് റെയില്‍വേ അധികൃതര്‍.

RELATED STORIES

Share it
Top