കണ്ണൂര്‍ മെഡി.കോളജ് പ്രവേശനം: ഈ വര്‍ഷം അനുമതിയില്ല; പരാതികള്‍ മേല്‍നോട്ട സമിതി അന്വേഷിക്കും

ന്യൂഡല്‍ഹി/കണ്ണൂര്‍: സമയം കഴിഞ്ഞതിനാല്‍ ഈ വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളജിന് പ്രവേശനം നടത്താനുള്ള അനുമതി നല്‍കില്ലെന്ന് സുപ്രിംകോടതി. ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റ് നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രവേശന കാലാവധി കഴിഞ്ഞതിനാല്‍ 2016-17 അധ്യയന വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ നേരത്തെ സുപ്രിംകോടതി പുറത്താക്കിയിരുന്നു. ഈ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ ഫീസ് ഇരട്ടിയായി കോളജ് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടാണു പ്രവേശനം റദ്ദാക്കിയത്.
ഇതിനു പിന്നാലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ഫീസ് സംബന്ധിച്ചു തര്‍ക്കം നിലനിന്നു. 10 ലക്ഷം രൂപയാണു വാങ്ങിയതെന്നും അതിന്റെ ഇരട്ടി 20 ലക്ഷം തിരികെ നല്‍കിയെന്നും മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍, വിദ്യാര്‍ഥികളില്‍ നിന്ന് 30 മുതല്‍ 40 ലക്ഷം വരെയാണു മാനേജ്‌മെന്റ് വാങ്ങിയതെന്നും അതിന്റെ ഇരട്ടി തിരികെനല്‍കേണ്ടതുണ്ടെങ്കിലും അതു ചെയ്തില്ലെന്നും സംസ്ഥാന പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തി. ഒരു കോടി രൂപയ്ക്കു മുകളില്‍ വരെ തലവരിപ്പണം ഈടാക്കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. ഒരു പൈസ പോലും തിരികെ ലഭിച്ചിട്ടില്ലെന്ന് 25ഓളം വിദ്യാര്‍ഥികള്‍ സമിതിക്കു മുമ്പാകെ പരാതി നല്‍കി.
101 വിദ്യാര്‍ഥികള്‍ക്കു കുറച്ചു മാത്രം പണം തിരികെ ലഭിച്ചപ്പോള്‍ 20ഓളം വിദ്യാര്‍ഥികള്‍ മാത്രമാണു പണം തിരികെ ലഭിക്കാത്തതു സംബന്ധിച്ച് പരാതി പറയാതിരുന്നത്. ഇതു സംബന്ധിച്ചാണ് സമിതി അന്വേഷിക്കുക.
നിശ്ചിത ഓണ്‍ലൈന്‍ മുഖേനയല്ലാതെയും അംഗീകൃത പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും തോന്നിയ പോലെയാണ് 2016-17 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പ്രവേശനമെന്നു കണ്ടെത്തിയതോടെയാണു മേല്‍നോട്ടസമിതി 150 വിദ്യാര്‍ഥികളെ അയോഗ്യരാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രവേശനമേല്‍നോട്ട സമിതിക്കു ം സുപ്രിംകോടതി നിര്‍ദേശം നല്‍കി. കോളജ് വിദ്യാര്‍ഥികളില്‍ നിന്നു തലവരിപ്പണമായി വാങ്ങിയ തുക എത്രയാണെന്നും അതിന്റെ ഇരട്ടി തിരികെനല്‍കിയോ എന്നുമാണു പ്രവേശന മേല്‍നോട്ട സമിതി പരിശോധിക്കേണ്ടത്.
ഇക്കാര്യത്തില്‍ അന്വേഷണം സിബിഐക്കു വിടുമെന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി സൂചിപ്പിച്ചെങ്കിലും തര്‍ക്കം മേല്‍നോട്ടസമിതി തന്നെ അന്വേഷിച്ചാല്‍ മതിയെന്ന് ഇന്നലെ കോടതി തീരുമാനിക്കുകയായിരുന്നു. അന്വേഷണത്തില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയാല്‍ കോളജിനെതിരേ കൂടുതല്‍ ക്രിമിനല്‍ നടപടികള്‍ ഉണ്ടാവും.

RELATED STORIES

Share it
Top