കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു

ചക്കരക്കല്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ബുധനാഴ്ച രാവിലെ മുതല്‍ തുടങ്ങിയ സത്യഗ്രഹ സമരം  സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അവസാനിപ്പിച്ചു. കൊടുത്ത തുക തിരികെ ലഭിക്കാനും വിദ്യാര്‍ഥികളുടെ പഠനം തുടരാനുമുളള നടപടിത്തു വേണ്ടി മാനേജ്മന്റിനെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. സുപ്രിംകോടതിയുടെ അന്തിമവിധി വന്നതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് 201617 വര്‍ഷത്തെ എംബിബിഎസ് ബാച്ചിലെ 137 വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി. രണ്ട് വര്‍ഷവും സാമ്പത്തിക നഷ്ടവുമാണ് വിദ്യാര്‍ഥികള്‍ക്കുണ്ടായത്.
150 പേരാണ് പ്രവേശനം നേടിയതെങ്കിലും തുടക്കത്തിലുണ്ടായ അനിശ്ചിതത്വം കാരണം 13 പേര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റു കോളജില്‍ പ്രവേശനം നേടിയിരുന്നു. ബാക്കിയുള്ളവരില്‍ 19 പേര്‍ എന്‍ആര്‍ഐക്വാട്ടയില്‍ പ്രവേശനം നേടിയവരായിരുന്നു. ഇവരൊഴിച്ചു 118 പേരുടെ പ്രവേശനമാണ് ഓര്‍ഡിനന്‍സിലൂടെ അംഗീകരിച്ചത്.ഇത് റദ്ദാക്കണമെന്നു സുപ്രിംകോടതി വിധി പറഞ്ഞതോടെ വീണ്ടും ആശങ്കയുണ്ടാക്കി. ഇതിനെ മറികടക്കാന്‍ ബുധനാഴ്ച നിയമസഭ  ക്രമവല്‍കരണബില്‍ പാസാക്കിയെങ്കിലും സുപ്രിംകോടതിയുടെ അന്തിമവിധി വിദ്യാര്‍ഥികള്‍ക്ക് കടുത്ത പ്രഹരമാണുണ്ടാക്കിയത്. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഫീസ്, ഡെപോസിറ്റ് ഇനത്തിലായി മാനേജ്മന്റ് വാങ്ങിയത്.

RELATED STORIES

Share it
Top