കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശനം; സിബിഐ അന്വേഷണം വേണ്ടിവരുമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രിംകോടതി. 2016-17 അധ്യയനവര്‍ഷത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഈ അധ്യയനവര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളജ് നല്‍കിയ ഹരജി പരിഗണിക്കവേയാണ് 2016-17 വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ച് ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ബെഞ്ച് സൂചന നല്‍കിയത്.
2016-17 കാലയളവില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ സുപ്രിംകോടതി പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയ തുകയുടെ ഇരട്ടി തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അംഗീകരിച്ചതായി കോളജ് സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതു തെറ്റാണെന്ന് പ്രവേശന മേല്‍നോട്ട സമിതി വ്യക്തമാക്കി. പല വിദ്യാര്‍ഥികളില്‍ നിന്നും 30 മുതല്‍ 50 ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഇരട്ടി തുക തിരികെ നല്‍കിയിട്ടില്ലെന്നും മേല്‍നോട്ട സമിതി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പി കെ ദാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട്, എസ് ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല എന്നിവയ്ക്ക് പ്രവേശന അനുമതി നല്‍കിയ കേരള ഹൈക്കോടതി വിധിക്കെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്ത ബുധനാഴ്ചത്തേക്കു മാറ്റി.

RELATED STORIES

Share it
Top