കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ ബിജെപി നേതാക്കളുടെ നിലപാട് മാറിയോ എന്ന് പി ജയരാജന്‍


കണ്ണൂര്‍ : തളിപ്പറമ്പ് ബൈപ്പാസിനെതിരെ സമരം നയിക്കുന്ന ബിജെപി നേതാക്കള്‍ കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ നേരത്തേ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം വ്യക്തമാക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍.
2015 ഏപ്രില്‍ മാസം 29 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് നിവേദനം നല്‍കുകയുണ്ടായി.ഈ നിവേദനത്തില്‍ വാരംകടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്‍മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വയല്‍ വഴിയുള്ള അലൈന്‍മെന്റാണ് ദേശീയപാതാ വികസന അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് തളിപ്പറമ്പ് ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
ഓരോ പ്രദേശത്തും ബിജെപിക്ക് ഓരോ നിലപാടാണോ ഉള്ളത് ? അല്ലെങ്കില്‍ കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തില്‍ എടുക്കുന്നില്ല എന്ന കാര്യവും അവര്‍ വ്യക്തമാക്കണം.
കാപട്യത്തിന്റെ രാഷ്ട്രീയം ഇനിയെങ്കിലും ബിജെപി ഉപേക്ഷിക്കണം.നാടിന്റെ വികസന കാര്യത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നത്. ഇതിനെ തുരങ്കം വെക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ അണികള്‍ പ്രതിരോധമുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് സുധീരനൊഴിച്ച് മറ്റൊരു കോണ്‍ഗ്രസ്സ് നേതാവും ബൈപ്പാസ് വിരുദ്ധ സമരത്തില്‍ അണിനിരക്കാതിരുന്നത്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. തെറ്റായ വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ പിടിച്ചുകെട്ടാന്‍ അവരുടെ അണികള്‍ തന്നെ മുന്നോട്ട് വരുന്നുണ്ട്. പരിസ്ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവര്‍ കീഴാറ്റൂരിലേക്ക് പോയത് മുന്‍പ് കുന്നിടിച്ച് ഉണ്ടാക്കിയ റോഡിലൂടെ ആണെന്ന് അവര്‍ക്കും ഓര്‍മ്മ വേണം.
മേല്‍പറഞ്ഞ കാര്യങ്ങളിലുള്ള പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ 'സമാധാനം,വികസനം' എന്ന മുദ്രാവാക്യ മുയര്‍ത്തി ജില്ലയില്‍ രണ്ട് മേഖലാ ജാഥകള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്്്.വികസന കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കാനും സിപിഐ(എം) തീരുമാനിച്ചിട്ടുണ്ടെന്നും ഇത്് മുഴുവന്‍ വീടുകളിലും എത്തിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top