കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് തുടങ്ങി. കണ്ണൂര്‍ ഡിപ്പോയില്‍നിന്ന് ആറും പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് അഞ്ച് ബസ്സുകളുമാണ് പുതുതായി സര്‍വീസ് ആരംഭിച്ചത്.
ഇന്നലെ രാവിലെ കണ്ണൂരില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും പയ്യന്നൂരില്‍ സി കൃഷ്ണന്‍ എംഎല്‍എയും ഫഌഗ് ഓഫ് ചെയ്തു. ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ പ്രദീപ്, പയ്യന്നൂര്‍ ഡിപ്പോ ഡിടിഒ യൂസഫ്, നഗരസഭാ ചെയര്‍മാന്‍ ശശി വട്ടകൊവ്വല്‍, വി ബാലന്‍, കെ പവിത്രന്‍, പി ജയന്‍, ബിജുമോന്‍ പിലാക്കല്‍, ബിജു ജോണ്‍, ടി പി മുരളീധരന്‍ സംബന്ധിച്ചു. 15 മിനിറ്റ് ഇടവിട്ട് ലിമിറ്റഡ് സ്‌റ്റോപ് സര്‍വീസുകളാണു നടത്തുന്നത്. ആവശ്യമായ ജീവനക്കാരെയും നിയമിച്ചു. ദേശസാല്‍കൃത റൂട്ടായി പ്രഖ്യാപിക്കപ്പെട്ട പാപ്പിനിശ്ശേരി-പിലാത്തറ വഴി 16 വര്‍ഷം മുമ്പ് 12 കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഓരോന്നായി സര്‍വീസ് നിര്‍ത്തി.
കെഎസ്ടിപി റോഡ് നിര്‍മാണം തുടങ്ങിയതോടെ സര്‍വീസ് പൂര്‍ണമായും നിലച്ചു. കെഎസ്ടിപി റോഡില്‍ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കണമെന്ന് എംഎല്‍എമാരായ ടി വി രാജേഷും സി കൃഷ്ണനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതു പരിഗണിച്ചാണ് സര്‍വീസ് പുനരാരംഭിച്ചത്. കണ്ണൂരില്‍നിന്ന് പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലൂടെ പയ്യന്നൂരിലേക്ക് എളുപ്പം എത്തിച്ചേരാം. ഇതുവഴി യാത്രക്കാര്‍ക്ക് സമയവും ലാഭിക്കാം. 11 പുതിയ ബസ്സുകളോടൊപ്പം നിലവില്‍ പയ്യന്നൂരില്‍നിന്ന് പുലര്‍ച്ചെ ഒരു ബസ് കൂടി സര്‍വീസ് നടത്തുന്നുണ്ട്.

RELATED STORIES

Share it
Top