കണ്ണൂര്‍ നഗരത്തില്‍ ഇരുചക്ര വാഹന മോഷണം പതിവാകുന്നു്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും ഇരുചക്ര വാഹന മോഷണം പതിവായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പത്തോളം ബൈക്കുകളാണ് കാണാതായത്. എന്നാല്‍ ഇതുസംബന്ധിച്ച പരാതി സ്വീകരിക്കാന്‍ പോലിസ് വിമുഖത കാട്ടുന്നുവെന്നാണ് ആരോപണം. ഒരാഴ്ച വരെ കാത്തിരിക്കൂ, അതിനുശേഷം പരാതി നല്‍കൂവെന്നു പറഞ്ഞ് പരാതിക്കാരെ മടക്കി അയക്കുകയാണു പോലിസ്. നേരത്തെ ഇരുചക്ര വാഹന മോഷണം സംബന്ധിച്ച് ടൗണ്‍ പോലിസും റെയില്‍വേ പോലിസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനങ്ങള്‍ കാണാതാവുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലാട് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. യാത്ര കഴിഞ്ഞ് ബൈക്കെടുക്കാന്‍ എത്തിയപ്പോഴാണു മോഷ്ടിക്കപ്പെട്ട വിവരം ഉടമ അറിയുന്നത്. അടിപ്പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ട റെയില്‍വേ സ്റ്റേഷനിലെ ഇരുചക്ര പാര്‍ക്കിങ് ഷെല്‍ട്ടര്‍ പുനസ്ഥാപിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി പ്രധാന കവാടത്തിന്റെ വടക്കു ഭാഗത്താണ് ഷെല്‍ട്ടര്‍ ഉണ്ടായിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് അടിപ്പാത വികസനത്തിന്റെ ഭാഗമായി ഇതു നീക്കിയിരുന്നു. ഇതോടെ സ്‌റ്റേഷനിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ ആര്‍പിഎഫ് സ്‌റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലായി നിര്‍ത്തിയിടുകയാണ്. കിഴക്കെ കവാടത്തോടു ചേര്‍ന്ന് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങിന് സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം ഇരുചക്ര വാഹനങ്ങളും ഇരുനൂറിലേറെ മറ്റു വാഹനങ്ങളുമാണ് രണ്ടാം കവാടത്തില്‍ മാത്രം ദിനേന പാര്‍ക്കിങിനായി എത്തുന്നത്. എന്നാലിവിടെ മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. രാത്രിയായാല്‍ ഇരുട്ടിലാണ് പ്രദേശം. അതിനാല്‍ ഇവിടെ ബൈക്ക് നിര്‍ത്തിയിട്ട് പോവാന്‍ പലര്‍ക്കും ഭയമാണ്. നഗരത്തിലെ മറ്റു സ്ഥലങ്ങളിലും മോഷണത്തിന് കുറവില്ല. പല സ്ഥലത്തും സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ ദൃശ്യങ്ങളും കിട്ടുന്നില്ല.

RELATED STORIES

Share it
Top