കണ്ണൂര്‍ നഗരത്തിലെ വീട് കവര്‍ച്ച: അന്വേഷണം വ്യാപിപ്പിച്ചു

കണ്ണൂര്‍: നഗരത്തിലെ താഴെചൊവ്വ തെഴുക്കിലെ പീടികയില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റിലെ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ താഴെചൊവ്വ ഉരുവച്ചാലിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ഓടെ വന്‍ കവര്‍ച്ച നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ സംഘം വിനോദ്ചന്ദ്രന്‍(55), ഭാര്യ സരിതകുമാരി(50) എന്നിവരെ കെട്ടിയിട്ട് ആക്രമിച്ച ശേഷം 30 പവനും 15000 രൂപയും കവരുകയായിരുന്നു. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള 28 അംഗ സംഘം മൂന്നു സംഘമായാണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സിറ്റി സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ടൗണ്‍ സിഐ ടി കെ രത്‌നകുമാര്‍, സിറ്റി എസ്‌ഐ ശ്രീഹരി, ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി, ചക്കരക്കല്‍ എസ്‌ഐ ബിജു, എഎസ്‌ഐമാര്‍, എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരികയാണ്. ഇതിനുപുറമെ, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നു താമസം മാറിയവരെ കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള കവര്‍ച്ചയാണ് നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
വീട് തകര്‍ത്ത് അകത്തുകയറിയസംഘം നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരെ ആക്രമിച്ച് കണ്ണൂകള്‍ കെട്ടിയാണ് കവര്‍ച്ച നടത്തുന്നത്. ഉത്തരേന്ത്യയിലടക്കം ഇത്തരത്തിലുള്ള കവര്‍ച്ചകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹി വരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം എറണാകുളത്ത് വീട്ടുകാരെ ആക്രമിച്ച് ഉത്തരേന്ത്യന്‍ രീതിയില്‍ കവര്‍ച്ച നടത്തുന്ന 11അംഗ സംഘത്തിലെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ബാക്കിയുള്ളവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ ഈ സംഘത്തെ കുറിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രാദേശിക ഹിന്ദിയും മുറി ഇംഗ്ലീഷുമാണ് കവര്‍ച്ചാസംഘം സംസാരിച്ചതെന്നാണ് വിനോദ് ചന്ദ്രനും ഭാര്യയും പോലിസിനു നല്‍കിയ മൊഴി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കവര്‍ച്ചാസംഘത്തെ കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായും വിവരമുണ്ട്. അതിനിടെ, കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തിനിരയായ വിനോദ് ചന്ദ്രനെയും ഭാര്യയെയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി കെ ശ്രീമതി എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top