കണ്ണൂര്‍ ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ആഭ്യന്തരവകുപ്പ്

കണ്ണൂര്‍: ജില്ലയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ആഭ്യന്തരവകുപ്പ്. പോലിസ് വകുപ്പിന്റെ 2015 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പുറത്തുവിട്ടു. മൂന്നുവര്‍ഷം മുമ്പ് രേഖപ്പെടുത്തിയതിന്റെ 75 ശതമാനം കേസുകളേ 2017ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ട്. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ ആകെ 8526ഉം 2016ല്‍ 8528ഉം കേസുകള്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017ല്‍ ഇത്തരം കേസുകളുടെ എണ്ണം 4879 ആയി കുറഞ്ഞു. 2015 (21), 2016 (20), 2017 (19) എന്നിങ്ങനെയാണ് ഇക്കാലയളവില്‍ അരങ്ങേറിയ കൊലപാതകങ്ങളുടെ എണ്ണം. ഇതില്‍ രാഷ്ട്രീയ കൊലപാതകങ്ങളും ഉള്‍പ്പെടുന്നു. കുറ്റകരമായ നരഹത്യ 2015ല്‍ 12 ആയിരുന്നത് 2017ല്‍ 7 ആയി കുറഞ്ഞു. വധശ്രമവുമായി ബന്ധപ്പെട്ട് 2015ല്‍ 63ഉം തൊട്ടടുത്ത വര്‍ഷം 42ഉം 2017ല്‍ 48ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 642 (2015), 545 (2016), 506 (2017) എന്നിങ്ങനെയാണ് സംഘര്‍ഷക്കേസുകളുടെ എണ്ണം. 2015ല്‍ 19 തട്ടിക്കൊണ്ടുപോവല്‍ കേസുണ്ടായിരുന്നത് 2016ല്‍ 12 ആയും 2017ല്‍ 8 ആയും കുറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഒന്നുവീതം സ്ത്രീധന പീഡന മരണ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 2015ല്‍ 60 ബലാല്‍സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തൊട്ടടുത്ത വര്‍ഷം 82 ആയി വര്‍ധിച്ചു. 2017ല്‍ ഈ വകുപ്പില്‍ 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 235 (2015), 255 (2016), 138 (2017) എന്നിങ്ങനെയാണ് ഭര്‍തൃപീഡന കേസുകളുടെ കണക്ക്. പൂവാലശല്യവുമായി ബന്ധപ്പെട്ട കേസുകള്‍ 2015 മുതല്‍ 2017 വരെ (യഥാക്രമം 11, 15, 6) കുറഞ്ഞുവരുന്നുണ്ട്. സ്ത്രീത്വം അപമാനിക്കപ്പെട്ട  സന്ദര്‍ഭങ്ങളില്‍ ഐപിസി 354 പ്രകാരം 2015ല്‍ 219ഉം പിറ്റേവര്‍ഷം 164ഉം 2017ല്‍ 157ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആസ്ത്രീകളുമായി ബന്ധപ്പെട്ട് 2015ല്‍ ആകെ 407ഉം 2016ല്‍ 345ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017ല്‍ 249 ആയി കുറഞ്ഞു. സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി 2016ല്‍ രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ പിറ്റേവര്‍ഷം ഒന്നായി കുറഞ്ഞു. 2015ല്‍ നാലും തൊട്ടടുത്ത വര്‍ഷം എട്ടും 2017ല്‍ മൂന്നും കൂട്ടക്കവര്‍ച്ച അരങ്ങേറി. 2015 മുതല്‍ 2017 വരെ യഥാക്രമം 56, 74, 50 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ ആകെ 9144ഉം 2016ല്‍ 9077ഉം കേസുകള്‍ എടുത്തപ്പോള്‍ 2017ല്‍ 5295 ആയി കുറഞ്ഞു. 181 (2015), 153 (2016), 157 (2017) എന്നിങ്ങനെയാണ് വഞ്ചനക്കേസുകളുടെ എണ്ണം. കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് 2015ല്‍ രണ്ടും പിറ്റേവര്‍ഷം നാലും 2017ല്‍ രണ്ടും കേസുകള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top